
തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രസർക്കാർ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകാമെന്ന തീരുമാനം സ്വാഗതാർഹമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇക്കാര്യം വിശദീകരിക്കാൻ കേന്ദ്ര ധനമന്ത്രി മുഖ്യമന്ത്രിക്ക് കത്തയയ്‌ക്കുകയും ഇന്നലെ ഫോണിൽ സംസാരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയും കേന്ദ്ര നിർദ്ദേശത്തെ സ്വാഗതം ചെയ്‌തു.
ബാക്കി പ്രശ്നങ്ങൾ ചർച്ച ചെയ്ത് ധാരണയിലെത്താം എന്ന പ്രത്യാശയും മുഖ്യമന്ത്രി പ്രകടിപ്പിച്ചതായി ഐസക് പറഞ്ഞു.
പുതിയ നിർദ്ദേശ പ്രകാരം കേന്ദ്രസർക്കാരാണ് റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നത്. ആ വായ്പ സംസ്ഥാനങ്ങൾക്ക് മറിച്ചു നൽകുന്നതിനാൽ കേന്ദ്രത്തിന്റെ ധനക്കമ്മിയെ ബാധിക്കില്ല. ഓരോ സംസ്ഥാനത്തിനും കിട്ടുന്ന തുകയനുസരിച്ച് അവരുടെ ധനക്കമ്മി കൂടും. അപ്പോൾ ഇരുകൂട്ടരുംഒരുമിച്ചാണ് വായ്പയെടുക്കുന്നത്. ഇതുപോലെ ബാക്കി പ്രശ്നങ്ങളും ഒത്തുതീർക്കണമെന്നും ഐസക് നിർദ്ദേശിച്ചു.
ഈ വർഷത്തെ പ്രതീക്ഷിക്കുന്ന നഷ്ടപരിഹാരം 2.3 ലക്ഷം കോടിയാണ്. ഇതിൽ 60,000 കോടിയെങ്കിലും ജി.എസ്.ടി സെസ് ആയി പിരിഞ്ഞു കിട്ടും. ബാക്കി 1.7 ലക്ഷം കോടി വായ്പയെടുത്താൽ നഷ്ടപരിഹാരത്തുക പൂർണമായും സംസ്ഥാനങ്ങൾക്ക് നൽകാം. 1.10 ലക്ഷം കോടിയേ വായ്പയെടുക്കൂ എന്ന കേന്ദ്ര നിലപാട് മാറ്രണം എത്ര തുക വായ്പയെടുക്കാമെന്നതിലും കേന്ദ്രം സമവായമുണ്ടാക്കണം - ഐസക് നിർദ്ദേശിച്ചു.
ഇന്ന് യോഗം
കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയിൽ കേസിന് പോവാനുള്ള സാദ്ധ്യത കുറവാണെങ്കിലും ജി.എസ് .ടി നഷ്ടപരിഹാര വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. ധനമന്ത്രി,നിയമ മന്ത്രി, ധന, നിയമ, നികുതി വകുപ്പ് സെക്രട്ടറിമാർ അഡ്വക്കേറ്ര് ജനറൽ എന്നിവർ പങ്കെടുക്കും.