കാട്ടാക്കട: ഹരിപ്പാട് കരുവാറ്റ സഹകരണ ബാങ്ക് കവർച്ചാകേസിലെ മുഖ്യപ്രതി അന്തർ സംസ്ഥാന മോഷ്ടാവ് കാട്ടാക്കട സ്വദേശി ആൽബിൻ രാജിനെ അന്വേഷണ സംഘം കാട്ടാക്കടയിലെത്തിച്ച് തെളിവെടുത്തു. കരിയംകോട് പാറകാണിയിൽ കുഴിച്ചിട്ട സ്വർണം കണ്ടെടുത്തു. ഒളിവിൽ കഴിഞ്ഞ ഇയാളെ കോയമ്പത്തൂരിൽ നിന്നുമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ബാങ്ക് കവർച്ചാകേസിലെ രണ്ടാംപ്രതി ഹരിപ്പാട് വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളി വീട്ടിൽ ഷൈജു, മൂന്നാം പ്രതി കാട്ടാക്കട സ്വദേശി ഷിബു എന്നിവരെയാണ് അന്വേഷണ സംഘം നേരത്തെ പിടികൂടിയത്. കരുവാറ്റ സർവീസ് സഹകരണ ബാങ്കിൽ നിന്നും നാലരലക്ഷം രൂപയും നാലരക്കിലോ സ്വർണവുമാണ് മോഷണം പോയത്. പെരുങ്കടവിള ബാങ്ക് കവർച്ച കേസിലും ആൽബിൻ രാജ് പ്രതിയാണ്.