
കുളത്തൂർ: നഗരസഭയുടെ കഴക്കൂട്ടം മുതൽ മുട്ടത്തറ വരെയുള്ള പ്രദേശങ്ങളെ സംയോജിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിലൂടെ നടപ്പിലാക്കുന്ന സമഗ്ര സ്വീവേജ് പദ്ധതി ഐ.ടി നഗരമുൾപ്പെടെയുള്ള നഗരത്തിലെ ഗാർഹിക സ്വീവേജ് മാലിന്യപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകും. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതി 2019 ലാണ് പുനഃരാരംഭിച്ചത്. എന്നാൽ, നടത്തിപ്പിലെ മെല്ലെപ്പോക്കും എച്ച്.ഡി.ഡി സംവിധാനത്തിൽ പൈപ്പിടൽ ജോലികൾക്ക് താമസം ഉണ്ടാകുന്നതും കൊവിഡും കാരണം പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാനാവുമോ എന്ന ആശങ്കയിലാണ്.
2020 മാർച്ച് 31ന് മുമ്പ് പദ്ധതി പൂർത്തിയാക്കാനായിരുന്നു തീരുമാനം. വർഷങ്ങൾക്ക് മുമ്പ് ജൻറം പദ്ധതിയിൽപ്പെടുത്തി സ്വീവേജ് ലൈൻ സ്ഥാപിക്കാൻ നഗരസഭ നടപടിയെടുത്തെങ്കിലും എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് പദ്ധതി നടപ്പാക്കാനായിരുന്നില്ല . കഴക്കൂട്ടത്ത് നിന്ന് തെറ്റിയാർ തോടിന് സമാന്തരമായി 6 മുതൽ 10 മീറ്റർ വരെ താഴ്ചയിലാണ് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ, ആദ്യഘട്ടമെന്ന നിലയിൽ ടെക്നോപാർക്ക് മൂന്നാംഘട്ടം മുതൽ ആക്കുളം-കരിമണൽ വരെയുള്ള ഭാഗത്താണ് നിർമ്മാണം നടക്കുന്നത്.
ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിൽ നിന്ന് മുട്ടത്തറ പ്ലാന്റിലേക്കുള്ള പ്രധാന പൈപ്പ് ലൈനിന്റെയും മാൻഹോളുകളുടെയും പണികളാണ് നടക്കുന്നത്. നോബിൾ എച്ച്.ഡി. - പി.ഇ - 500 ഗുണ നിലവാരമുള്ള 50 എം.എം. പൈപ്പുകളാണ് പ്രധാന ലൈനുകൾക്കായി സ്ഥാപിക്കുന്നത്. ടാർ നിരപ്പിൽ നിന്ന് 7 മീറ്റർ താഴ്ചയിൽ ഹൊറിസോണ്ടൽ ഡയറക്റ്റ് ഡ്രില്ലിംഗ് (എച്ച്.ഡി.ഡി ) സംവിധാനത്തിൽ യന്ത്രം ഉപയോഗിച്ചാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. പൈപ്പുകൾ നിർമ്മിച്ച കമ്പനി 96 വർഷത്തെ ഗ്യാരന്റിയാണ് നൽകുന്നത്. ഓരോ രണ്ടര കിലോമീറ്ററിലും ഒരു മാൻഹോൾ വച്ച് മൊത്തം 104 മാൻ ഹോളുകൾ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
കുളത്തൂർ, കരിമണൽ, ആക്കുളം, ഇടത്തറ, ഉള്ളൂർ, കരിക്കകം, ശാന്തിനഗർ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന പമ്പിംഗ് സ്റ്റേഷനുകളുടെ നിർമ്മാണവും പുരോഗമിക്കുന്നു. പദ്ധതി പ്രദേശങ്ങളിൽ നിന്ന് പൈപ്പ് ലൈൻ വഴി പമ്പിംഗ് സ്റ്റേഷനുകളിലെത്തിക്കുന്ന സ്വീവേജ് മാലിന്യം മുട്ടത്തറയിലെ പ്ലാന്റിലെത്തിക്കും. ഒരു ദിവസം 107 മില്യൺ ലിറ്റർ ( എം.എൽ.ഡി ) സ്വീവേജ് മാലിന്യം സംസ്‌കരിക്കാനുള്ള ശേഷി മുട്ടത്തറയിലെ പ്ലാന്റിനുണ്ടെങ്കിലും നിലവിൽ 40 എം.എൽ.ഡി മാത്രമാണ് സംസ്‌കരിക്കുന്നത് . പുതിയ ഡ്രെയിനേജ് ലൈനിലേക്ക് ഗാർഹിക കണക്‌ഷനുകളും ഉൾപ്പെടുത്തുന്നതിനാൽ പദ്ധതി നാട്ടുകാർക്ക് ഏറെ പ്രയോജനപ്പെടും.
പദ്ധതിയുടെ ചെലവ്
അരശുംമൂട് മുതൽ കരിമണൽ വരെ 21.82 കോടി
കുഴിവിള മുതൽ ആക്കുളം വരെ 15.08 കോടി
ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ ഒരു കിലോമീറ്റർ ദൂരത്തിൽസ്വീവേജ് ലൈൻ നിർമ്മിക്കാൻ 9.80 കോടി
പുലയനാർകോട്ടമുതൽ മുട്ടത്തറ ട്രീറ്റ്‌മെന്റ് പ്ലാന്റുവരെ പൈപ്പ് ലൈൻ അടക്കമുള്ള പ്രവൃത്തികൾക്ക് 49.96 കോടി
മെഡിക്കൽ കോളേജ് ആശുപത്രിക്ക് മാത്രമായി സ്വീവേജ് സംവിധാനം ഒരുക്കാൻ 19.16 കോടി
പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ:
കഴക്കൂട്ടത്തെ സ്വീവേജ് പ്രശ്‌നത്തിന് പരിഹാരം
തെറ്റിയാറിലെ മാലിന്യനിക്ഷേപം കുറയും
ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ തടയും