കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്ത് സമരം നടത്തിയവരുമായി സർക്കാർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരത്തിന് നേതൃത്വം നൽകുന്ന വിഴിഞ്ഞം ഇടവക അധികൃതർ മുന്നോട്ടുവച്ച ആവശ്യങ്ങൾക്ക് തീർപ്പ് കല്പിക്കാമെന്ന് തുറമുഖ സെക്രട്ടറി ഉറപ്പുനൽകി. എന്നാൽ മൂന്നോ നാലോ ആവശ്യങ്ങൾ സർക്കാർ രണ്ടുദിവസത്തിനുളളിൽ അടിയന്തരമായി നടപ്പിലാക്കുമെന്നുള്ള സർക്കാർ ഉത്തരവ് രേഖാമൂലം നൽകണമെന്ന് ഇടവക വികാരി ഫാ. മൈക്കിൾ തോമസ് ആവശ്യപ്പെട്ടു. എന്നാൽ സർക്കാരിന് റിപ്പോർട്ട് നൽകിയശേഷം മാത്രമേ തീരുമാനം അറിയിക്കാനാകൂവെന്ന് തുറമുഖ സെക്രട്ടറി സഞ്ജയ് കൗൾ പറഞ്ഞു. ഇന്നലെ വിഴിഞ്ഞം ഐ.ബിയിൽ ഇടവകയുടെ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രതിനിധികളുമായി തുറമുഖ സെക്രട്ടറി ചർച്ച നടത്തി. കളക്ടർ നവജ്യോത് ഖോസ, വിസിൽ, അദാനി, ഫിഷറീസ് അധികൃതർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കഴിഞ്ഞ 30ന് നിർമ്മാണ മേഖലയിൽ കല്ലുമായെത്തിയ വലിയ ട്രക്കുകളെ സമരക്കാർ വള്ളങ്ങൾ നിരത്തി തടഞ്ഞിരുന്നു. തൊഴിലാളികളെയോ യന്ത്രങ്ങളെയോ പദ്ധതി പ്രദേശത്തേക്ക് കടക്കാൻ സമരക്കാർ അനുവദിച്ചിരുന്നില്ല. തുറമുഖ സെക്രട്ടറി സഞ്ജയ് കൗൾ, ജില്ലാ കളക്ടർ നവജ്യോത് ഖോസ, ഡി.സി.പി ദിവ്യാ വി. ഗോപിനാഥ്, വിസിൽ എം.ഡി ഡോ. ജയകുമാർ, അദാനി തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ് ഝാ, കോർപറേറ്റ് മേധാവി സുശീൽ നായർ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം. ശ്രീകണ്ഠൻ, ഡെപ്യൂട്ടി ഡയറക്ടർ ബീനാസുകുമാർ, വിഴിഞ്ഞം ഇടവക സെക്രട്ടറി ബെനാൻസൺ ലോപ്പസ്, ഓസ്റ്റിൻ ഗോമസ്, കോ ഓർഡിനേറ്റർ എം.എ. ജോണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.