
മഞ്ചേരി : കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊള്ളയടിച്ച ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ഹൈവേയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഒമ്പതംഗ കവർച്ചാ സംഘത്തിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. വയനാട് കല്ലൂർകുന്ന് പലിശക്കൊട്ട് ജിതിൻ ഘോഷ് (32) ആണ് അറസ്റ്റിലായത്. അടുത്ത കവർച്ചയ്ക്കു പദ്ധതിയിടാൻ കൊണ്ടോട്ടി എയർപോർട്ട് പരിസരത്തെത്തിയപ്പോൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം പിടികൂടുകയായിരുന്നു .
ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം . അന്ന് പുലർച്ചെ 4.30 ന് കരിപ്പൂരിൽ വിമാനമിറങ്ങിയ പരാതിക്കാരൻ മറ്റൊരു യാത്രക്കാരനോടൊപ്പം ഓട്ടോയിൽ ഫറോഖ് റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുമ്പോൾ ഹൈവേയിൽ കൊട്ടപ്പുറത്തിനു സമീപം വച്ച് ബൈക്കിലും ക്രൂയിസറിലും വന്ന സംഘം ഓട്ടോ തടഞ്ഞ് പരാതിക്കാരനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന വിദേശ കറൻസികളും എ.ടി.എം കാർഡുപയോഗിച്ച് 30,000 രൂപയും എടുത്തശേഷം പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച് ഹൈവേയിൽ തള്ളി. അന്വേഷണത്തിൽ പരപ്പനങ്ങാടി സ്വദേശികളായ മുസ്ലിയാർ വീട്ടിൽ റഷീദ്, ഇസ്ഹാ ഖ്, കോയാന്റെ പുരക്കൽ ഇസ്മയിൽ, യൂസഫിന്റെ പുരക്കൽ അറാഫത്ത്, കോഴിക്കോട് സ്വദേശികളായ നിജിൽ രാജ് , ഹയനേഷ്, ഹരിശങ്കർ, സുദർശൻ എന്നിവരെ പിടികൂടിയിരുന്നു. വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതികളായ കാസർകോട്, മംഗലാപുരം ഭാഗത്തുള്ളവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. ജിതിൻഘോഷിനെതിരെ രണ്ട് അടിപിടിക്കേസുകൾ ബത്തേരി സ്റ്റേഷനിലുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.