supplyco

കോഴിക്കോട്: കിറ്റുകൾ സമയബന്ധിതമായി എത്താത്തതോടെ സപ്ലൈകോയ്‌ക്കെതിരെ പരാതിയുമായി റേഷൻ വ്യാപാരികൾ. നാലു മാസങ്ങളിലായി നൽകുന്ന സ്‌പെഷ്യൽ കിറ്റുകൾ പല താലൂക്കുകളിലും പിങ്ക് കാർഡുടമകൾക്ക് പോലും വിതരണം പൂർത്തിയാക്കാനായില്ല. കഴിഞ്ഞ മാസത്തെ കിറ്റാണ് സപ്ലൈകോ ഇപ്പോഴും വിതരണം നടത്തുന്നതെന്ന് റേഷൻ വ്യപാരികൾ പരാതിപ്പെടുന്നു.

സംസ്ഥാനത്ത് മിക്ക താലൂക്കുകളിലും നീല കാർഡുകാർക്ക് പത്തോ പതിനഞ്ചോ ശതമാനം കിറ്റുകളാണ് റേഷൻ കടയിൽ എത്തിക്കാനായത്. ഇത്തരത്തിൽ വിതരണത്തിൽ താമസമുണ്ടായാൽ നാലു മാസം നൽകുമെന്ന് പ്രഖ്യാപിച്ച കിറ്റു വിതരണം പൂർത്തീകരിക്കാൻ എട്ട് മാസമെങ്കിലും വേണ്ടി വരും.

അതേ സമയം മഞ്ഞ, പിങ്ക്, നീല കാർഡുകളുടെ വിതരണം കഴിഞ്ഞുവെന്നും നോൺ പ്രയോർട്ടി കാർഡുകൾക്ക് വിതരണം ചെയ്തു തുടങ്ങിയെന്നും കാട്ടി തെറ്റായ അറിയിപ്പ് നൽകുന്നതിലൂടെ കാർഡ് ഉടമകൾ കടകകളിൽ എത്തി നിരാശരായി മടങ്ങുന്ന അവസ്ഥയുമുണ്ട്. റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണത്തിൽ സപ്ലൈകോയ്ക്ക് അതൃപ്തിയുണ്ടെന്നും ആദ്യഘട്ടത്തിൽ തന്നെ നാലുമാസത്തെ കിറ്റിന് പകരം കൂപ്പൺ നൽകാൻ നടപടി വേണമെന്നും ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടതായി വ്യപാരികൾ പറഞ്ഞു.

കൂപ്പൺ സംവിധാനം പ്രാബല്യത്തിലാക്കാൻ വേണ്ടിയാണോ വിതരണത്തിലെ കാലതാമസമെന്ന് സംശയമുണ്ടെന്നും വ്യാപാരികൾ ആരോപിച്ചു. മാവേലി സ്റ്റോർ വഴിയും മറ്റും കൂപ്പൺ സംവിധാനത്തിലൂടെ കിറ്റ് നൽകുന്നത് വിജയമാകില്ല. ഒരു പഞ്ചായത്തിൽ ഒമ്പതിനായിരം മുതൽ പതിനയ്യായിരം കാർഡുകൾ വരെ ശരാശരി ഉണ്ടാവാം. പഞ്ചായത്തിൽ ഒരു മാവേലി സ്റ്റോർ വീതമാണ് ഉള്ളത്. ഇത്രയും കിറ്റുകൾക്കുള്ള കൂപ്പൺ ഉപഭോക്താക്കൾക്ക് സാധനങ്ങൾ നൽകുവാൻ മാവേലി സ്റ്റോറുകാർക്ക് കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും ആൾ കേരളാ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

നിലവിൽ അറ്റാച്ച് ചെയ്തു നടത്തുന്നത് ഉൾപ്പെടെയുള്ള റേഷൻ കടകൾ സപ്ലൈകോയ്ക്ക് ഏറ്റെടുത്തു നടത്തുവാൻ താത്പര്യമുണ്ട്. റേഷൻ മേഖലയിൽ ഏറ്റവും അധികം അഴിമതി നടക്കുന്നത് എൻ.എഫ്.എസ്.എ.യിലാണ് .ഇതിന്റെ നോഡൽ ഏജൻസി കൂടിയാണ് സപ്ലൈകോ വിതരണം ഏറ്റെടുത്താൻ റേഷൻ വിതരണവും അവതാളത്തിലാവും. ഈ അവസരത്തിൽ കിറ്റു വിതരണം കാര്യക്ഷമവും സമയ ബന്ധിതവുമായി നടത്തുന്നതിന്ന് ഉന്നതാധികാരികൾ ഇടപെടണമെന്ന് ആൾ കേരളാ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷർ ഇ. അബൂബക്കർ ഹാജി എന്നിവർ ആവശ്യപെട്ടു.