കാസർകോട്: കേരളാ കോൺഗ്രസിലെ ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിൽ ചേർന്നതോടെ കാസർകോട് ജില്ലയിലെ മലയോരമേഖലയിൽ എൽ.ഡി.എഫിന്റെ സ്വാധീനം വർദ്ധിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ വലിയ വോട്ടുവർദ്ധനയ്ക്ക് ഇത് കാരണമാകുമെന്നാണ് ഇടതുകേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ചില മേഖലകളിൽ മാണി ഗ്രൂപ്പ് നിർണായക രാഷ്ട്രീയശക്തിയാണ്. വോർക്കാടി പഞ്ചായത്തിലും സാന്നിദ്ധ്യമുണ്ട്. ഈ പാർട്ടി പിളർന്നതോടെ ജോസഫ് വിഭാഗം യു.ഡി.എഫിനൊപ്പമാണ്. ജോസ് വിഭാഗം എൽ.ഡി.എഫിലും ചേർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ കേരളാ കോൺഗ്രസ്(എം) വോട്ടുകൾ യു.ഡി.എഫിനായിരുന്നു. ഇക്കുറി ഈ വോട്ടുകളിൽ നല്ലൊരു ഭാഗം എൽ.ഡി.എഫിനായി വിനിയോഗിക്കപ്പെടും. കേരളാകോൺഗ്രസ്(എം) ഒറ്റക്കെട്ടായിരുന്നപ്പോൾ ഒരു ബ്ലോക്ക് പഞ്ചായത്തംഗം ഉൾപ്പെടെ ഏഴ് അംഗങ്ങളാണ് തദ്ദേശസ്ഥാപനങ്ങളിൽ പാർട്ടിക്കുണ്ടായിരുന്നത്. ഇവരിൽ അഞ്ചുപേർ ജോസ് കെ. മാണി വിഭാഗത്തിനൊപ്പവും രണ്ടുപേർ ജോസഫ് ഗ്രൂപ്പിലുമാണ്.
ബളാൽ പഞ്ചായത്തിൽ രണ്ടും ഈസ്റ്റ് എളേരി, കള്ളാർ, വോർക്കാടി പഞ്ചായത്തുകളിൽ ഓരോന്ന് വീതവും അംഗങ്ങളാണ് ജോസ് കെ. മാണി ഗ്രൂപ്പിനുള്ളത്. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ഒരംഗവും വെസ്റ്റ് എളേരി പഞ്ചായത്തിലെ ഒരംഗവും ജോസഫ് വിഭാഗത്തിനൊപ്പമാണ്. വോർക്കാടിയിലെ അംഗം തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. എന്നാൽ ഈ അംഗം തങ്ങൾക്കൊപ്പം തന്നെ ഉറച്ചുനിൽക്കുന്നതിനുള്ള തന്ത്രവുമായി ജോസ് പക്ഷം രംഗത്തിറങ്ങി.
ഈസ്റ്റ് എളേരി ഒഴികെ ബാക്കി ജോസ് കെ. മാണി വിഭാഗത്തിന് അംഗങ്ങളുള്ള മറ്റു പഞ്ചായത്തുകളിൽ ഭരണം നടത്തുന്നത് യു.ഡി.എഫാണ്. ജോസ് വിഭാഗത്തിന്റെ സഹായത്തോടെ ഈ പഞ്ചായത്തുകളിൽ സ്വാധീനം ശക്തമാക്കാനാകുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മലയോര മേഖലകളിലെ ആറോളം പഞ്ചായത്തുകളിലുള്ള ചില വാർഡുകളിൽ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ കാഴ്ചവെക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷം മാത്രം ഉണ്ടായിരുന്ന തൃക്കരിപ്പൂർ മണ്ഡലത്തിലും ഇവരുടെ വോട്ടുകൾ നിർണായകമാകും. ജോസ് പക്ഷത്തിന്റെ ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിലും ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫുമാണ്.