car

കൊയിലാണ്ടി: നാല് ദിവസത്തിനിടെ കൊയിലാണ്ടി നഗരത്തിൽ മൂന്ന് വാഹനാപകടങ്ങളിലായി ജീവൻ നഷ്ടമായത് മൂന്നു പേർക്കാണ്.
അപകട കാരണം അമിത വേഗതയാണെന്ന് ദൃക്‌സാക്ഷികളും പൊലീസും പറയുമ്പോൾ ഓരോ കുടുംബത്തിനും നഷ്ടമായത് അവരുടെ പ്രതീക്ഷയും. 12 ന് പുലർച്ചെ കോഴിക്കോട് നിന്നും കാസർകോട്ടേക്ക് പോകുകയായിരുന്ന കാർ ദേശീയപാതയിൽ ചിത്രാ ടാക്കീസിന് സമീപം നിർത്തിയിട്ട ലോറിയിലിടിച്ച് കാറിലുണ്ടായിരുന്ന കാസർകോടുകാരനായ ഫാസിൽ (27) തൽക്ഷണം മരിച്ചു. അന്നേ ദിവസം ഹാർബറിലേക്ക് മീനെടുക്കാൻ പോകുന്ന കാരയാട് മൊയ്തീൻ ലോറി ഇടിച്ചും മരിച്ചു. അമിത വേഗതയിൽ നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞുവന്ന ലോറി ആൾക്കൂട്ടത്തിലേക്ക് കയറുകയായിരുന്നു. മൊയ്തീൻ സംഭവസ്ഥലത്ത് വെച്ചു മരിക്കുകയും നാലോളം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.
പതിനഞ്ചിന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മേപ്പയ്യൂർകാരൻ രതീഷ് ടൗണിൽ വെച്ച് ലോറി തട്ടി മരിച്ചു. ഈ മൂന്ന് മരണങ്ങൾക്കും കാരണം വാഹനങ്ങളുടെ അമിത വേഗമാണെന്നാണ് പൊലീസും ദൃക്‌സാക്ഷികളും പറയുന്നത്. ദേശീയ പാതയിൽ ഏറ്റവും കൂടുതൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഇടമാണ് കൊയിലാണ്ടി.