road

പേരാമ്പ്ര: മലബാറിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ ജാനകി കാടിലേക്കുള്ള റോഡ് നന്നാക്കുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ. കാടിനെ അറിയാനും കാനന ഭംഗി ആസ്വദിക്കാനുമായി സ്‌കൂൾ വിദ്യാർത്ഥികളടക്കം നിരവധി ടൂറിസ്റ്റുകൾ ദിവസവും ഇവിടെ എത്താറുണ്ടായിരുന്നു.
ചങ്ങരോത്ത് പഞ്ചായത്ത് ആറാം വാർഡിൽപ്പെട്ട റോഡിന്റെ റീ ടാറിംഗ് എത്രയും പെട്ടെന്ന് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കാലവർഷം കനത്തതോടെ കാൽനട പോലും പറ്റാത്ത വിധം റോഡ് പൂർണ്ണമായും തകർന്നിട്ടുണ്ട്.

പന്തിരിക്കര ഒറ്റക്കണ്ടം റോഡിൽ നഴ്സറി സ്‌കൂൾ, ഹോളിഫാമിലി യു.പി സ്കൂൾ, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ, പാലിയേറ്റിവ് കെയർ സെന്റർ, പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മുപ്പത് ലക്ഷം രൂപ റോഡിന്റെ റീടാറിംഗിന് വേണ്ടി അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നിർമ്മാണം എപ്പോൾ
തുടങ്ങുമെന്നാണ് ചോദ്യം.

റൂട്ടിൽ ബസ് ഏർപ്പെടുത്തണമെന്ന ആവശ്യവുമുണ്ട്. പന്തിരിക്കരയിൽ നിന്നും ഒറ്റക്കണ്ടത്തിലേക്കും അവിടെ നിന്ന് പാലേരിയിലേക്കും ചവറം മുഴി ഭാഗത്തേക്കും പോകണമെങ്കിൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ് നാട്ടുകാർ. നേരത്തെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും നടത്തിയിരുന്നു.