
മുക്കം: മരിച്ചയാൾക്ക് കൊവിഡ് ഉണ്ടെന്ന ഡോക്ടർമാരുടെ വാക്ക് വിശ്വസിച്ച് പ്രയാസപ്പെട്ട് മൃതദേഹം സംസ്കരിച്ച ബന്ധുക്കൾ കബളിപ്പിക്കപ്പെട്ടു. സംസ്‌കാരം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ലഭിച്ച ഫലത്തിലാണ് ഫലം നെഗറ്റീവ് ആണെന്ന് ബോദ്ധ്യമായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നുണ്ടായ തിക്താനുഭവം മാനസിക പ്രയാസവും സാമ്പത്തിക നഷ്ടവുമുണ്ടാക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇക്കഴിഞ്ഞ അഞ്ചിന് രാത്രിയാണ് മുക്കം അഗസ്ത്യൻമുഴി സ്വദേശി വെങ്ങളത്ത് മുഹമ്മദ് (70) കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അഞ്ചിനു രാവിലെ ആദ്യം അഗസ്ത്യൻ മുഴിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോടു മെഡിക്കൽ കോളേജ് ആശുപത്രിയിലും മുഹമ്മദിനെ പ്രവേശിപ്പിച്ചിരുന്നു. രണ്ടിടത്തും നടത്തിയ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവ് ആയിരുന്നു.
ശ്വസന സംബന്ധമായ പ്രയാസം അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് വെന്റിലേറ്റർ സൗകര്യമന്വേഷിച്ച് സ്വകാര്യ ആശുപത്രിയിലെത്തിയത്. അവിടെ പ്രവേശിപ്പിച്ചപ്പോൾ തന്നെ ആന്റിജൻ ടെസ്റ്റും ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തി. ചികിത്സയിലിരിക്കെ രാത്രിയിൽ മരണം സംഭവിക്കുകയും അടുത്ത ദിവസം മുക്കത്തിനടുത്തെ തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ കബറടക്കം നടത്തുകയുമായിരുന്നു.
ഡോക്ടർമാർ നിർദേശിച്ച പ്രകാരം കൊവിഡ് രോഗി എന്ന നിലയിൽ അടുത്ത ബന്ധുക്കൾക്ക് പോലും മൃതദേഹം കാണാൻ അവസരം നൽകിയില്ല. മതപരമായ ചടങ്ങുകളും നടത്താനായില്ല. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള സംസ്‌കാരത്തിന് പ്രത്യേക സൗകര്യമൊരുക്കാൻ അര കിലോമീറ്റർ പ്രത്യേക വഴി നിർമ്മിക്കേണ്ടി വന്നു. ഇതിനെല്ലാം ഭരിച്ച പണചെലവാണ് മരിച്ച ആളുടെ കുടുംബത്തിന് താങ്ങേണ്ടി വന്നത്. സാമ്പത്തിക ചെലവും മാനസിക പ്രയാസവും സഹിക്കേണ്ടി വന്നതിലും ഒരാഴ്ചക്കാലം ക്വാറന്റൈൻ എന്ന ബന്ധനത്തിൽ കഴിയേണ്ടി വന്നതിലുമാണ് ഇപ്പോൾ ബന്ധുക്കൾക്ക് സങ്കടം. സാധാരണ രോഗിയെ കൊവിഡ് രോഗിയാക്കി മാറ്റി മരണത്തിനിടയാക്കുകയും മരണാനന്തരം മൃതദേഹത്തിനു ലഭിക്കേണ്ട പരിഗണനയും പരിചരണവും നൽകാതിരിക്കുകയും ചെയ്തതിന് കാരണക്കാരായ സ്വകാര്യ ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ബന്ധുക്കളുടെ ആലോചന.