
മലയിൻകീഴ്: ഏറെനാളായി തകർന്നുകിടന്ന മലയിൻകീഴ് -ഊരൂട്ടമ്പലം റോഡ് ആധുനിക രീതിയിൽ നവീകരിച്ചപ്പോൾ യാത്രക്കാർ ഏറെ സന്തോഷിച്ചതാണ്. എന്നാൽ ചുരുങ്ങിയ നാളുകൾക്കുള്ളിൽ നിരവധി ജീവനുകൾ നിരത്തിൽ പൊലിഞ്ഞതോടെ ഇവർ വീണ്ടും ഭീതിയുടെ നടുവിലായി. റോഡുകളിലെ കൊടുംവളവുകൾ നിവർത്തുന്നതിന് നടപടി സ്വീകരിക്കാത്തതാണ് എല്ലാവർക്കും പേടിസ്വപ്നമാകുന്നത്. ഒരു വർഷത്തിനിടെ മലയിൻകീഴിനും മണിയറവിള ആശുപത്രിക്കുമിടയിൽ ജീവൻ നഷ്ടമായത് 6 പേർക്കാണ്. 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്.
കൊടുംവളവിലുള്ള മലയിൻകീഴ് ഗവ. ആയുർവേദ ആശുപത്രി റോഡ് ആരംഭിക്കുന്നിടത്ത് മാത്രം മൂന്ന് ജീവനുകളാണ് നഷ്ടമായത്. എതിരെ വരുന്ന വാഹനം കാണാൻ കഴിയാത്ത വിധമാണ് റോഡിലെ 'റ' ആകൃതിയിലുള്ള വളവ്. ഭാര്യവീട്ടിൽ കുഞ്ഞുങ്ങളെയും ഭാര്യയെയും എത്തിച്ചശേഷം ബൈക്കിൽ മടങ്ങവേ ലോറിയിടിച്ച് മരിച്ച പ്രേംലാലാണ് അവസാനത്തെ ഇര. ഊരൂട്ടമ്പലം ഭാഗത്തു നിന്ന് ജോലിക്കായി പോയ സ്വകാര്യ കമ്പനി ജീവനക്കാരനായ യുവാവ് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് മരിച്ചതും അടുത്തിടെയാണ്. പ്രേംലാലിന്റെ മരണത്തിന് ഒരാഴ്ച മുൻപാണ് ഇതേ സ്ഥലത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റത്. അപകടങ്ങൾ തുടർക്കഥയായിട്ടും റോഡിലെ അപകടക്കെണി പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.