arthritis

ആധുനിക ജീവിതത്തിൽ പ്രായഭേദമന്യേ എല്ലാത്തരക്കാരെയും ബാധിക്കുന്ന രോഗമാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം. ആ ജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണമായി പലപ്പോഴും ഈ രോഗം മാറാറുണ്ട്.

സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ പേരാണ് ആർത്രൈറ്റിസ്. നൂറിലേറെ തരം ആർത്രൈറ്റിസ് രോഗങ്ങൾ ലോകത്തുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

പല കാരണങ്ങളാൽ ഈ അസുഖം ഉണ്ടാകാം. ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം, റൂമാറ്റോയിഡ് ആർത്രൈറ്റിസ് അഥവാ ആമവാതം , സെപ്റ്റിക് ആർത്രൈറ്റിസ് അഥവാ അണുബാധ,​ മെറ്റബോളിക് (ഗൗട്) എന്നിവയാണ് ഇതിൽ പ്രധാനം.

സന്ധിവേദനയും സന്ധികൾക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്

സാധാരണയായ ലക്ഷണങ്ങൾ. ഇത് പെട്ടന്നോ അല്ലെങ്കിൽ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം.

ഒസ്റ്റിയോ ആർത്രൈറ്റിസ് ആണെങ്കിൽ, സാധാരണയിലും അധികമായി നടക്കുകയോ

പടികൾ കയറുകയോ ചെയ്താൽ വേദന അനുഭവപ്പെടുക. പിന്നീട് ഈ വേദന ദിവസം മുഴുവനായും ചിലപ്പോൾ ഉറക്കത്തിൽ പോലും അലട്ടുന്ന ഒന്നായും പരിണമിച്ചേക്കാം. ഒടുവിൽ ഇത് രോഗിയുടെ ദൈനംദിന കാര്യങ്ങൾക്ക് തടസ്സം വരുന്ന രീതിയിൽ വഷളാവുകയും ചെയ്യും.

അതേസമയം, ആമവാതം പോലുള്ള ഇൻഫ്ളമേറ്ററി ആർത്രൈറ്റിസുകളിൽ വേദനയും കാഠിന്യവും രാവിലെ എഴുന്നേൽക്കുമ്പോഴായിരിക്കും കൂടുതലായി അനുഭവപ്പെടുന്നത്. എന്നാൽ, നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ വേദന കുറയുന്നു. ഇത്തരം ആർത്രൈറ്റിസുകളിൽ കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളിലാണ് വേദന കൂടുതലായി അനുഭവപ്പെടുന്നത്.

ഗൗട്ട് എന്ന ആർത്രൈറ്റിസിൽ ചില പ്രത്യേക ആഹാര പദാർത്ഥങ്ങൾ കഴിച്ച ശേഷമാണ് വേദന അനുഭവപ്പെടുന്നത്. മദ്യം, കടൽ മീനുകൾ, ബീഫ്, കൂടാതെ പച്ചക്കറികളായ കോളിഫ്ളവർ, ചീര, കൂൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആദ്യഘട്ടങ്ങളിൽ വേദനയുണ്ടാകുന്നത് ഒരു സന്ധിയിൽ മാത്രമായിരിക്കും. പിന്നീട് മറ്റു സന്ധികളിലേയ്ക്കും ഇവ പടരുകയും ശരീരം തീരെ അനക്കാൻ കഴിക്കാത്ത സ്ഥിതി വന്നുചേരുകയും ചെയ്‌തേയ്ക്കാം.

അധികമായ ശരീരഭാരം, സന്ധികളിലെ പരിക്ക്, സന്ധികൾക്ക് ചുറ്റുമുള്ള മാംസ പേശികളുടെ ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാൽ സന്ധികളിൽ സമ്മർദ്ദമുണ്ടാകുകയും ഇത് തരുണാസ്ഥിയുടെ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഇക്കാരണത്താൽ സന്ധികൾക്ക് ഇരുവശവുമുള്ള എല്ലുകൾ തമ്മിൽ ഉരസാൻ ഇടയാക്കും.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിൽ വരുന്ന മാറ്റങ്ങൾ കൊണ്ടും ആർത്രൈറ്റിസ് ഉണ്ടാകാം. അതിൽ ഉൾപ്പെടുന്നതാണ് ആമവാതം, ആൻകൈലോസിംഗ് സ്‌പോണ്ടിലൈറ്റിസ്, സോറിയാട്ടിക് ആർത്രൈറ്റിസ് എന്നിവയെല്ലാം.

യൂറിക് ആസിഡ്

ശരീരത്തിതെ ഡി.എൻ.എ യുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിൻ. ഇതിന്റെയും മറ്റ് ചില ആഹാര പദാർത്ഥങ്ങളുടെയും മെറ്റബോളിക് പ്രക്രിയയുടെ ഒരു ഉപ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഈ യൂറിക് ആസിഡ് നമ്മുടെ സന്ധിക്കുള്ളിൽ അടിയുമ്പോഴാണ് ഗൗട്ട് ഉണ്ടാകുന്നത്.

പ്രായമേറിയവരിലാണ് സാധാരണയായി സന്ധിവാതം കാണപ്പെടുന്നത്. എന്നാൽ, സന്ധികൾക്കും അതിന് ചുറ്റുമുള്ള കോശങ്ങൾക്കുമുണ്ടാകുന്ന പരിക്ക് (ഫ്രാക്ചർ, ലിഗമെന്റ് ടിയർ) ചെറിയ പ്രായത്തിലും സന്ധിവാതം ഉണ്ടാകാൻ കാരണമാകുന്നു.

രോഗപ്രതിരോധശേഷിയുടെ സംവിധാനത്തിൽ വരുന്ന വ്യത്യാസം കൊണ്ട് ഉണ്ടാകുന്ന ആർത്രൈറ്റിസ് ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും വരാം. സാധാരണയായി കുട്ടികളിൽ കാണപ്പെടുന്നത് ജൂവനൈൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസാണ്.

പാരമ്പര്യമായോ അല്ലാതെയോ കാണാവുന്ന ജനിതക സവിശേഷതകൾ കൊണ്ടും ആർത്രൈറ്റിസ് ഉണ്ടാകാം. അതിൽ പ്രധാനമായത് എച്ച്.എൽ.എ ജീനുമായി ബന്ധപ്പെട്ട ആർത്രൈറ്റിസുകളാണ്. ഇങ്ങനെയുള്ള ആർത്രൈറ്റിസുകൾ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ഉണ്ടെങ്കിൽ സാധ്യതയേറെയാണ്.

കാൽമുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് സാധാരണയായി കാണപ്പെടുന്നത്. കൈകളിലെ സന്ധികൾ, കാൽക്കുഴ, കാൽമുട്ട് എന്നീ സന്ധികളിൽ റൂമറ്റോയ്ഡ് ആർത്രൈറ്റീസും കാലിന്റെ തള്ളവിരൽ, കാൽക്കുഴ, കാൽമുട്ട്, കൈമുട്ട് എന്നിവയിൽ ഗൗട്ട് എന്ന ആർത്രൈറ്റിസും കാണപ്പെടുന്നു.

രോഗനിർണയവും ശ്രദ്ധയും

ആർത്രൈറ്റിസ് ഒരു രോഗലക്ഷണമാണ്. അതിനെ അവഗണിക്കുന്നത് അപകടകരമാണ്. രോഗത്തെ തിരിച്ചറിഞ്ഞ് അധികം വൈകാതെ ചികിത്സിച്ചാൽ ആജീവനാന്തം നീണ്ടുനിൽക്കാവുന്ന വൈകല്യങ്ങളെ ഒഴിവാക്കാനാകും. അതിന് ഒരു ഓർത്തോപീഡിക് വിദഗ്ദ്ധനെയോ റൂമറ്റോയ്ഡ് സ്‌പെഷ്യലിസ്റ്റിനെയോ കാണേണ്ടതാണ്. എക്സ് റേ,​ രക്തപരിശോധന വഴി രോഗനിർണ്ണയം സാദ്ധ്യമാണ്.

അസുഖം ബാധിച്ച സന്ധികൾക്ക് ശരിയായ വ്യായാമം നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ രോഗം ശമനത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പേശികളും സന്ധികളും ബലപ്പെടുത്താൻ ഫിസിയോ തെറാപ്പിയും വ്യായാമങ്ങളും സഹായകരമാണ്.

വേദന സംഹാരികൾ ഒരു താത്കാലിക പരിഹാരം മാത്രമാണ്. ഒരളവ് വരെ ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങൾക്ക് ശമനമുണ്ടാക്കും.

തുടർച്ചയായ വേദനയുണ്ടെങ്കിൽ,​ അത് രോഗിയുടെ പ്രവർത്തനത്തെ

ബാധിക്കുമെങ്കിൽ ജോയിന്റ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വേണ്ടിവരും.

ഉറങ്ങുമ്പോൾ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവച്ച് നീണ്ട് നിവർന്ന് കിടക്കണം. ചരിഞ്ഞും ഒടിഞ്ഞുമൊക്കെ കിടന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ പേശികൾക്ക് മുറുക്കവും പിടിത്തവുമൊക്കെ അനുഭവപ്പെടാം. രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നുകൊണ്ടു തന്നെ കൈകളിലെയും കാലിലെയും പേശികൾ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്‌ട്രെച്ചിംഗ് വ്യായാമം ചെയ്യണം.

എഴുന്നേൽക്കുമ്പോൾ ചെറുചൂടുവെള്ളത്തിൽ കൈ-കാൽ കഴുകാം. ഇത് പേശികൾക്ക് വഴക്കം നൽകും. മുട്ടിന് വേദനയും പ്രശ്നവുമുള്ളവർ പടികൾ കയറുന്നതും കാലിലെ സന്ധികൾക്ക് അമിത ആയാസമുള്ളതും കുത്തിയിരുന്നുള്ള ജോലികൾ ചെയ്യുന്നും ഒഴിവാക്കണം.

ഇന്ത്യൻ ടോയ്ലറ്റിന് പകരം യൂറോപ്യൻ ടോയ്‌ലെറ്റ് ഉപയോഗിക്കാം. വേദനയുണ്ടാക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണം. വാക്കിംഗ് സ്റ്റിക്ക്, കൈപ്പിടിയുള്ളതും സീറ്റ് ഉയർത്തിയതുമായ കസേരകൾ, പ്രത്യേക സോളുകൾ എന്നിവ ഗുണം ചെയ്യും.

ഡോ. അർജ്ജുൻ ആർ. പ്രസാദ്

ഓർത്തോപീഡിക് സർജൻ

എസ്.യു.ടി ആശുപത്രി, പട്ടം