sreehari

നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഒന്നാമനായിട്ടും അവസര നിഷേധത്തിൽ മനം മടുത്ത് നാടും രാജ്യവും വിടാനൊരുങ്ങുന്ന മൺറോതുരുത്തുകാരൻ ശ്രീഹരി രാമന്റെ ദുരനുഭവം സംസ്ഥാനത്ത് ഉദ്യോഗാർത്ഥികൾ പൊതുവേ നേരിടുന്ന അവഗണനയുടെ ചെറിയൊരു ഉദാഹരണം മാത്രമാണ്. അപേക്ഷ ക്ഷണിച്ച് ദീർഘകാലമെടുത്ത് പരീക്ഷയും ഇന്റർവ്യൂവുമൊക്കെ നടത്തി റാങ്ക് പട്ടിക തയ്യാറാക്കിയാലും നിയമനത്തിന് പിന്നെയും അനിശ്ചിതമായി കാത്തിരിക്കേണ്ടിവരും. ചിലപ്പോൾ നിയമനമേ നടന്നില്ലെന്നും വരും. പി.എസ്.സി റാങ്ക് പട്ടികയിൽ നടക്കുന്ന മറിമായങ്ങൾ പല തരത്തിലാണ്. ഉദ്യോഗ സ്വപ്നവുമായി അലയുന്ന അഭ്യസ്തവിദ്യരോടു അധികാര കേന്ദ്രങ്ങൾ പുലർത്തുന്ന അവഗണനയുടെയും ക്രൂര സമീപനത്തിന്റെയും നൂറു നൂറു കഥകൾ ഓരോ ഉദ്യോഗാർത്ഥിക്കും പറയാനുണ്ടാകും.

'കേരളകൗമുദി" കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ശ്രീഹരി രാമന്റെ അനുഭവം അധികാരകേന്ദ്രങ്ങൾ വച്ചുപുലർത്തുന്ന ധാർഷ്ട്യത്തിന്റെ പ്രത്യക്ഷ ഉദാഹരണം കൂടിയാണ്. പിൻവാതിൽ നിയമനങ്ങൾക്ക് കുപ്രസിദ്ധി നേടിയ കാർഷിക സർവകലാശാല ശ്രീഹരിയോടു കാണിക്കുന്ന നീതികേട് ഇതുവരെ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നു കരുതാൻ നിർവാഹമില്ല. കാരണം സമർത്ഥനായ ഈ യുവാവ് മുട്ടാത്ത വാതിലുകളൊന്നുമില്ലെന്നാണറിയുന്നത്. സർവകലാശാലയിലെ ഉന്നതന്മാരെ കണ്ടിട്ടും കാര്യം നടക്കാതെ വന്നപ്പോൾ മന്ത്രിമാരെയും സമീപിച്ച് ആവലാതി ഉണർത്തിച്ചതാണ്. ആരും കനിഞ്ഞില്ലെന്നു മാത്രം.

കാർഷിക സർവകലാശാലയിൽ വൈൽഡ് ലൈഫ് വിഭാഗത്തിൽ അദ്ധ്യാപകന്റെ തസ്തികയിലേക്കാണ് ഗവേഷണ വിദ്യാർത്ഥിയായ ശ്രീഹരി അപേക്ഷിച്ചിരുന്നത്. ചൈനയിലാണ് ഗവേഷണ പഠനം നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കാടുകളിലെ വവ്വാലുകളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്ന വിഷയത്തിൽ ചൈനീസ് അക്കാഡമി ഒഫ് സയൻസസിലാണ് പഠനം. ഈ വിഷയത്തിന്റെ പ്രസക്തി കേരളത്തിലുള്ളവരോട് ഇപ്പോൾ പ്രത്യേകിച്ചു പറയേണ്ടതില്ല. രണ്ടുവർഷം മുൻപ് സംസ്ഥാനത്തെ വിറപ്പിച്ച 'നിപ്പ" എന്ന ഭീകര രോഗത്തിന്റെ ഉറവിടം വവ്വാലാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഏറെ ഗവേഷണം നടക്കുന്ന ശാസ്ത്ര വിഭാഗമാണിത്. പഠനത്തിനിടെ നാട്ടിൽ വന്ന സമയത്തായിരുന്നു കോഴിക്കോട്ടെ നിപ്പ വ്യാപനം. സ്വതസിദ്ധമായ താത്‌പര്യം ശ്രീഹരിയെ കോഴിക്കോട്ടെത്തിച്ചു. നിപ്പയുടെ ഉറവിടം പേരാമ്പ്ര സ്വദേശിയുടെ വീട്ടിലെ കിണറ്റിലാണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പരിശോധന നടന്നതിൽ ധാരാളം വവ്വാലുകൾ കിണറ്റിൽ കണ്ടെത്തി. ലാബ് പരിശോധനയ്ക്കായി കിണറ്റിലിറങ്ങി വവ്വാലുകളെ പിടിച്ച് അധികൃതരെ ഏല്പിച്ചത് ശ്രീഹരിയാണ്. എല്ലാവരും ഭീതിയോടെ മടിച്ചു മാറിനിന്നപ്പോഴാണ് ഈ ഗവേഷണ വിദ്യാർത്ഥി സാഹസികമായ ഈ ദൗത്യം സ്വയം ഏറ്റെടുത്തത്. കാർഷിക സർവകലാശാലയിലെ അദ്ധ്യാപക നിയമനത്തിനുള്ള പരീക്ഷയിൽ ഇതിനിടെ ഒന്നാം റാങ്ക് ലഭിച്ചതിനെത്തുടർന്ന് ചൈനയിലേക്ക് തിരിച്ചുപോകേണ്ടെന്ന തീരുമാനത്തിലായിരുന്നു. എന്നാൽ നിയമനത്തിൽ ഉണ്ടായ കാലതാമസവും അനിശ്ചിതത്വവും മാറി ചിന്തിക്കാൻ പ്രേരകമായിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ നിയമനങ്ങൾ നടത്താനാവുന്നില്ലെന്നാണ് കാർഷിക സർവകലാശാല നൽകുന്ന വിശദീകരണം. എന്നാൽ ഇതേ തസ്തികയിൽ മാത്രമല്ല, മറ്റനേകം തസ്തികകളിൽ കരാർ നിയമനങ്ങളുമായി നിരവധി പേർ ഇപ്പോഴും ജോലിചെയ്യുന്നുണ്ട്. ശമ്പളം നൽകാതെ ആരും പണിയെടുക്കുകയില്ലല്ലോ. അപ്പോൾ യഥാർത്ഥ പ്രശ്നം സാമ്പത്തിക പ്രതിസന്ധിയല്ല. സ്ഥിരം നിയമനം മാറ്റിവച്ച് പിൻവാതിൽ നിയമനത്തിന് അവസരമൊരുക്കുന്ന സ്ഥിരം പരിപാടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്ഥിരം അദ്ധ്യാപകരില്ലാത്തതിന്റെ പേരിൽ കാർഷിക സർവകലാശാലയുടെ കീഴിൽ നടന്നുവരുന്ന രണ്ടു ഡസനോളം കോഴ്സുകൾക്ക് കേന്ദ്ര കാർഷിക കമ്മിഷൻ അനുമതി റദ്ദാക്കിയത് ഈ അടുത്ത നാളിലാണ്. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും പിൻവാതിൽ നിയമനങ്ങളിൽ കടുത്ത മത്സരത്തിലേർപ്പെട്ടിരിക്കുന്നതായും കാണാം. ആയിരത്തോളം പേർ വിവിധ സർവകലാശാലകളിൽ ഇത്തരത്തിൽ കരാർ നിയമനം നേടിയതായും റിപ്പോർട്ട് വന്നിരുന്നു. അർഹതയും യോഗ്യതയുമുള്ളവർ അവസരം കാത്ത് പുറത്തുനിൽക്കുമ്പോഴാണ് സ്വാധീനവും രാഷ്ട്രീയ ബന്ധുത്വവും മുതലാക്കി അനർഹർ അദ്ധ്യാപക തസ്തികകളിൽ കയറിപ്പറ്റുന്നത്. ക്രമവിരുദ്ധമായ ഇത്തരം നിയമനങ്ങൾക്ക് ഇവിടത്തെ സർവകലാശാലകളെല്ലാം കുപ്രസിദ്ധി നേടിയവയാണ്. വളരെയധികം പരാതികൾ ഉയരാറുണ്ടെങ്കിലും ഈ അനീതി ഇല്ലാതാക്കാൻ ഒരു ശ്രമവും സർക്കാർ എടുക്കുന്നില്ല. കാർഷിക സർവകലാശാലയിൽ ശ്രീഹരിക്കു മാത്രമല്ല സമാനമായ മറ്റു നാലു അദ്ധ്യാപക റാങ്ക് ലിസ്റ്റിലുള്ളവരും ഇതേ ദുർഗതി നേരിടുന്നവരാണ്.

കഴിവും പ്രതിഭയുമുള്ളവരെ അംഗീകരിച്ച് അവർക്ക് അർഹമായ സ്ഥാനങ്ങൾ നൽകേണ്ടതിനു പകരം ആട്ടിയകറ്റുന്ന സമീപനം ഒരു തരത്തിലും വച്ചുപൊറുപ്പിച്ചു കൂടാത്തതാണ്. ഏതു നിയമനങ്ങളും നീതിപൂർവകമാണെന്ന് ഉറപ്പുവരുത്താൻ നിയമനാധികാരികൾക്കു മാത്രമല്ല സർക്കാരിനും ബാദ്ധ്യതയുണ്ട്. വൻതോതിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അതു തിരുത്താൻ സർക്കാർ ഇടപെടാത്തതാണ് ഉദ്യോഗാർത്ഥികളോടുള്ള ഈ അനീതി അവിരാമമായി തുടരാനുള്ള പ്രധാന കാരണം. റാങ്ക് പട്ടികയിൽ പ്രഥമ സ്ഥാനത്തെത്തിയിട്ടും അധികാരത്തിന്റെ പടിവാതിലുകൾ കയറിയിറങ്ങേണ്ട ഗതികേട് ഒരു ഉദ്യോഗാർത്ഥിക്കുണ്ടാവുന്നുവെങ്കിൽ തീർച്ചയായും അതു നല്ല സന്ദേശമല്ല നൽകുന്നത്. സർവകലാശാല പോലുള്ള ഉന്നത സ്ഥാപനങ്ങളിൽ നടമാടുന്ന ക്രമക്കേടിന്റെയും കുത്തഴിഞ്ഞ ഭരണ സമ്പ്രദായത്തിന്റെയും നേർചിത്രമാണത്.