dr-vijayaraghavan

തിരുവനന്തപുരം: ഡോ.പി.പൽപ്പു ഫൗണ്ടേഷൻ അവാർഡിന് പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ജി. വിജയരാഘവൻ അർഹനായി.ഇന്ത്യൻ ഇക്കോകാർഡിയോഗ്രാഫി ലബോറട്ടറിയുടെ അംഗീകാരം ലഭിച്ച ആദ്യ ഹൃദ്രോഗ വിദഗ്ദ്ധനും തിരുവനന്തപുരം കിംസ് ആശുപത്രിയുടെ വൈസ് ചെയർമാനും സ്ഥാപക ഡയറക്ടറുമാണ് ഡോ. ജി.വിജയരാഘവൻ.

ജഡ്ജിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ രവിയുടെ അദ്ധ്യക്ഷതയിൽ​ കമ്മിറ്റി അംഗങ്ങളായ ഡോ.ചന്ദ്രമോഹൻ,​അഡ്വ.കെ.സാംബശിവൻ,​വർക്കല പി.കെ.വിദ്യാധരൻ,​അമ്പലത്തറ ചന്ദ്രബാബു എന്നിവർ അടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഡോ.പി.പൽപ്പുവിന്റെ ആദർശങ്ങളുമായി ചേർന്നുനിൽക്കുന്ന ഡോക്ടറുടെ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

50,​000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നവംബർ രണ്ടിന് വൈകിട്ട് 5.30ന് പേട്ട എസ്.എൻ.ഡി.പി ഒാഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.കെ.സാംബശിവനും വർക്കിംഗ് പ്രസിഡന്റ് അമ്പലത്തറ ചന്ദ്രബാബുവും അറിയിച്ചു.