
കൊച്ചി: കൊവിഡ് പ്രതിസന്ധി അയഞ്ഞ് സകല മേഖലകളും സജീവമാക്കുമ്പോഴും സ്കൂളുകൾ തുറക്കുന്നതിലെ അനിശ്ചിതത്വം സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരെ ദുരിതത്തി. ഏഴ് മാസമായി ഇവരുടെ വരുമാനമാർഗം അടഞ്ഞിട്ട്.
ഉപജീവനത്തിന് മറ്റു തൊഴിലുകൾ തേടിയെങ്കിലും കൊവിഡ് വ്യാപനം അവിടെയും വില്ലനാവുകയാണ്. സ്കൂളുകൾ തുറക്കാൻ വെെകുന്നതിനാൽ സ്കൂൾ അധികൃതരും ഇവരെ കെെയൊഴിഞ്ഞ മട്ടാണ്. തുച്ഛമായ വരുമാനമാണ് ഇവർക്ക് ലഭിക്കുന്നത്.
80 ശതമാനം സ്കൂളുകളും 10,000 മുതൽ 12,000 രൂപ വരെ നിരക്കിലാണ് ഡ്രൈവർമാർക്ക് ശമ്പളം നൽകുന്നത്. ചില സ്കൂളുകളിൽ സ്വകാര്യ വാഹനങ്ങളെയും സ്കൂൾ ഓട്ടം ഏല്പിക്കാറുണ്ട്. സ്കൂൾ ഓട്ടത്തിന് ശേഷം മറ്റ് ഓട്ടത്തിന് പോയാണ് ഇവർ പിടിച്ചുനിന്നിരുന്നത്. കൊവിഡ് വ്യാപനത്തിൽ ഓട്ടങ്ങൾ ലഭിക്കാതെയായത്തോടെ മറ്റു തൊഴിൽ തേടുകയാണിവർ.
ഏഴു മാസത്തോളമായി സ്ഥാപനങ്ങളിൽ നിന്നു ഒരു രൂപ പോലും ഇവർക്ക് കിട്ടിയിട്ടില്ല. സ്കൂൾ വാഹനങ്ങളിലെ ആയമാരുടെ അവസ്ഥയും പരിതാപകരമാണ്. മാർച്ച് മാസത്തിലായിരുന്നു അവസാന സ്കൂൾ ഓട്ടം. സർക്കാരും ഇവരെ അവഗണിക്കുവെന്നാണ് പരാതി.
സ്കൂൾ തുറന്നാലും കടമ്പകളേറെ
സ്കൂൾ തുറന്നാലും വാഹനങ്ങൾ നിരത്തിലിറക്കാൻ കടമ്പകളെറെയാണ്. കാര്യമായ അറ്റകുറ്റപ്പണികൾ വേണ്ടിവരും. അതിനായി നല്ലൊരു തുക മുടക്കേണ്ടിവരും. ബാറ്ററി, ടയറുകൾ തുടങ്ങിയവ മാറ്റുകയും വാഹന ഇൻഷ്വറൻസ് ശരിയാക്കുകയും വേണം. സ്കൂൾ ബസിന് ശരാശരി 38,000 രൂപയും മിനി വാനുകൾക്കും 18,000 രൂപയും വാർഷിക ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കേണ്ടതുണ്ട്. ടെസ്റ്റ് പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റും നേടണം. ഇതിനെല്ലാമായി നല്ലൊരു തുക കണ്ടെത്തണം.
തുറന്നാലും ആശങ്ക
"സ്വന്തം വാഹനത്തിലാണ് സ്കൂൾ ഓട്ടം ഓടുന്നത്. അതുകൊണ്ട് തന്നെ ചെലവുകളെല്ലാം സ്വയം വഹിക്കണം. സ്കൂളുകൾ തുറക്കാത്തത് വലിയൊരു തിരിച്ചടിയാണ്. സ്കൂളുകൾ തുറക്കുമ്പോൾ കിട്ടുന്ന ശമ്പള തുക കുറയുമോയെന്ന ഭയവുമുണ്ട്."
രാഘവൻ
സ്കൂൾ ബസ് ഡ്രൈവർ