
കോവളം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിഴിഞ്ഞം സിന്ധുയാത്രാമാത ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് പരിഹാരമില്ലാതായതോടെയാണ് നിർമ്മാണം വീണ്ടും സ്തംഭിച്ചത്. സർക്കാർ ഇടപെടലിനെ തുടർന്ന് കഴിഞ്ഞദിവസം ഉദ്യോഗസ്ഥരും ഇടവക പ്രതിനിധികളും തമ്മിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. മൂന്നരമണിക്കൂർ നീണ്ട ചർച്ചയാണ് അലസിപ്പിരിഞ്ഞത്.
പോർട്ട് ഓപ്പറേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനദിനമായ കഴിഞ്ഞ 30നാണ് ഇടവകയുടെ നേതൃത്വത്തിൽ സമരത്തിന് തുടക്കമിട്ടത്. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ തുറമുഖത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം വീണ്ടും നീളുമെന്ന അവസ്ഥയിലാണ്. കല്ലിന്റെ അഭാവവും ലോക്ക് ഡൗണും കടലിന്റെ പ്രക്ഷുബ്ദാവസ്ഥയുമൊക്കെ കാരണം പലതവണ നിർമ്മാണം തടസപ്പെട്ടിരുന്നു. സർക്കാർ പ്രഖ്യാപിച്ച ഇളവുകളോടെ വീണ്ടും നിർമ്മാണം ആരംഭിച്ചതോടെയാണ് സമരം വില്ലനായത്. ഡ്രഡ്ജറുകളും ടഗുകളുമടക്കമുള്ള യന്ത്ര സാമഗ്രികളെല്ലാം നിശ്ചലമായിരിക്കുകയാണ്. ഇതുവഴി നിർമ്മാണ കമ്പനിക്ക് ഇതുവരെ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് അധികൃതർ പറയുന്നത്.
കല്ല് കെട്ടിക്കിടക്കുന്നു
തമിഴ്നാട്ടിലെ തൂത്തുക്കുടി അടക്കമുള്ള ആറ് കേന്ദ്രങ്ങളിൽ 50000 ടൺ കല്ല് കെട്ടിക്കിടക്കുകയാണ്. ഇവ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാത്തതിനാൽ പാറയുടമകൾ ക്വാറികളുടെ പ്രവർത്തനവും നിറുത്തിവച്ചു. കൊല്ലം തുറമുഖത്ത് സംഭരിച്ചിട്ടുളള 30000 ടൺ കല്ലും പദ്ധതി പ്രദേശത്ത് എത്തിക്കാനായിട്ടില്ല. വിവിധ സ്ഥലങ്ങളിൽ നിന്ന് പദ്ധതി പ്രദേശത്തേക്കായി ഏകദേശം ഒൻപത് ലക്ഷം ടൺ കരിങ്കല്ലാണ് സംഭരിച്ചിരിക്കുന്നത്. ഇവ സമയബന്ധിതമായി ഉപയോഗിക്കുന്നതിന് സമരം തടസമാകുന്നതായും തുറമുഖ കമ്പനി അധികൃതർ പറയുന്നു.
ഒന്നാംഘട്ടത്തിൽ പൂർത്തിയാകേണ്ടത്
കണ്ടെയ്നർ യാർഡ്
ആധുനിക മത്സ്യബന്ധന തുറമുഖം
ടെർമിനൽ നിർമ്മാണം
സേനാവിഭാഗങ്ങൾക്കുള്ള സജ്ജീകരണങ്ങൾ
ഇടവകയുടെ ആവശ്യങ്ങൾ
ഫിഷിംഗ് ഹാർബറിനെ സംരക്ഷിക്കുക
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം
വിള്ളൽ വീണ 243 വീടുകളുടെ നാശനഷ്ടം പരിഹരിക്കുക
മത്സ്യഅനുബന്ധ ജീവനക്കാരെ പുനരധിവസിപ്പിക്കുക,
തൊഴിൽ മേഖലയിൽ 50 ശതമാനം തദ്ദേശീയരെ നിയമിക്കുക
നഷ്ടപ്പെടുന്ന കളിസ്ഥലങ്ങൾക്ക് പകരം സ്ഥലം അനുവദിക്കുക
വിദ്യാഭ്യാസ, തൊഴിൽ പുരോഗതിക്കായി മറൈൻ അക്കാഡമി ആരംഭിക്കുക
തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിതരണം ആരംഭിക്കുക
കുടിവെള്ള പദ്ധതി നടപ്പാക്കുക
മലിനമായ ഗംഗയാർ തോട് ശുചീകരിക്കുക
ഇടവക നിരത്തിയ പരാതികൾ മനസിലാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് സമയം വേണ്ടിവരും. ഉടനടി പരിഹരിക്കണമെന്ന ആവശ്യം പ്രായോഗികമല്ല. സർക്കാരിന്റെ അനുമതി കിട്ടിയതിനുശേഷം പരിഹാരം കാണും.സജ്ഞയ് കൗൾ, തുറമുഖ സെക്രട്ടറി.