
കൊവിഡിന് ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണ് ബീഹാറിൽ നടക്കാൻ പോകുന്നത്. രാജ്യം മുഴുവൻ ലോക്ക് ഡൗൺ ഏർപ്പെടുത്തുകയും എല്ലാം സ്തംഭിക്കുകയും ചെയ്തതിന് ശേഷം തിരഞ്ഞെടുപ്പുകൾ എങ്ങനെ നടത്തും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ബീഹാർ . വികസനമില്ലായ്മയുടെയും നിരക്ഷരതയുടെയും നാടായാണ് ബീഹാർ ചിത്രീകരിക്കപ്പെട്ടിരുന്നത് . അത് ധൃതഗതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്.ഇന്നത് പഴയ കൗ ബെൽട്ടല്ല. ബിഹാറിന് മറ്റനേകം പ്രത്യേകതകളുണ്ട്. ഗൗതമബുദ്ധന്റെ നാടാണ്. ലോകത്തെ ഏറ്രവും പ്രാചീനമായ സർവകലാശാലയായ നളന്ദ ഇവിടെയായിരുന്നു.ചന്ദ്രഗുപ്ത മൗര്യന്റെ സാമ്രാജ്യം ഇവിടെയായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യപ്രവണതയ്ക്കും അടിയന്തരാവസ്ഥയ്ക്കുമെതിരെ ലോകനായക് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ഉയർന്നുവന്നത് ഇവിടെയാണ്. മണ്ഡൽ കമ്മിഷനും കർപ്പൂരിതാക്കൂറുമൊക്കെ ബീഹാറിന്റെ സംഭാവനകളാണ്.ഗാന്ധിജി പണ്ട് ചമ്പാരൻ സത്യഗ്രഹം നടത്തിയത് ചരിത്രത്തിന്റെ ഭാഗമാണ്.
അതെ, ആധുനിക ബീഹാർ മാറുകയാണ്. ഇന്ത്യയിലെ മഹാനഗരങ്ങളിൽ ബീഹാറി റിക്ഷാവാലകളെ ഇന്നും കാണുമെങ്കിലും സാമൂഹ്യ സാമ്പത്തിക കാർഷിക മേഖലകളിൽ ബീഹാർ വളരെയധികം മുന്നോട്ട് പോയിക്കഴിഞ്ഞു. സിവിൽ സർവീസ് പരീക്ഷകളിൽ ബീഹാറികളുടെ മുന്നേറ്രം നമുക്ക് കാണാം. വ്യവസായ ശാലകൾ കാണാം. കാർഷിക പുരോഗതി കാണാം.നിയമസമാധാനം മെച്ചപ്പെടുന്നു. പശ്ചാത്തല വികസനം വർദ്ധിക്കുന്നു. ജെ.പിയുടെ പഴയ ശിഷ്യന്മാരായിരുന്നു ദശാബ്ദങ്ങളോളം ബീഹാറിന്റെ അരങ്ങിൽ വാണിരുന്നത്. ലാലുപ്രസാദ് യാദവ്, ശരത് യാദവ്, നിതീഷ് കുമാർ, സുശീൽകുമാർ മോദി ... ഈ പട്ടികയിൽ കുറേ പേരുണ്ട്. മറുവശത്ത് ജഗന്നാഥ മിശ്ര, സത്യനാരായൻ മിശ്ര, അബ്ദുൾ ഗഫൂർ തുടങ്ങിയ കോൺഗ്രസ് മുഖ്യമന്ത്രിമാരുണ്ടായിരുന്നെങ്കിലും സീറ്രിലും വോട്ട് ശതമാനത്തിലും കോൺഗ്രസ് പിന്നോട്ടായിട്ട് നാളേറെയായി.ഇത്തവണ കോൺഗ്രസ് 70 സീറ്റുകളിലാണ് മത്സരിക്കുന്നത്. നിലവിൽ 23 പേരാണ് അവർക്കുള്ളത്. ഒന്നാം കക്ഷി എന്ന നിലയിൽ നിന്ന് പ്രാദേശിക കക്ഷികളുടെ ചിറകിനടിയിലേക്ക് കോൺഗ്രസ് താവളം തേടിയിട്ട് ദീർഘനാളായി.
ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാന തലരാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നതെങ്കിലും കേന്ദ്ര ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തൽ കൂടിയാകും അത്. കൊവിഡ് മൂലമുണ്ടായ സാമ്പത്തികവും തൊഴിൽ പരവുമായ പ്രശ്നങ്ങളും അതിനെ കൈകാര്യം ചെയ്ത രീതിയും ചർച്ച ചെയ്യപ്പെടും. രാജ്യത്തെല്ലായിടത്തും നിന്ന് കുടിയേറ്ര തൊഴിലാളികൾ ലോക്ക് ഡൗൺ കാലത്ത് ബീഹാറിലേക്ക് തിരിച്ചുവന്നിരുന്നു. അതിനെ നേരിട്ടതിലെ ശരിതെറ്രുകളും ഇവിടെ നിർണയിക്കപ്പെടും. ദേശീയ തലത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങളുണ്ടെങ്കിലും പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ് പല സർവേകളും പറയുന്നത്. കശ്മീർ നയം, സി.എ.എ നിയമം , അയോദ്ധ്യ , അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിനുള്ള ശ്രമങ്ങൾ ,ഉത്തർപ്രദേശിലെ സമീപകാല സംഭവങ്ങൾ തുടങ്ങി ഒട്ടേറെ വിഷയങ്ങളും വിവാദങ്ങളും പലപ്പോഴായി ദേശീയ തലത്തിൽ ഉയർന്നുവന്നിട്ടുണ്ട്.ഇത് വിലയിരുത്തുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയായിരിക്കും ഇത്. രാംവിലാസ് പസ്വാൻ,ജയിലിൽ കഴിയുന്ന ലാലുപ്രസാദ് യാദവ്, ശരദ് യാദവ് തുടങ്ങിയവരൊന്നും കളത്തിലില്ലാതിരുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ടാകും.
മോദി രണ്ടാമതും കേന്ദ്രത്തിൽ അധികാരത്തിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടേയുള്ളൂ. മോദിയുടെ ഒന്നാം മന്ത്രിസഭ അധികാരത്തിലിരിക്കുമ്പോഴാണ് 2015ൽ നിതീഷ് കുമാറും ലാലുവിന്റെ ആർ.ജെ.ഡിയും കോൺഗ്രസും ചേർന്നുള്ള മഹാ ഗഡ്ബന്ധൻ അധികാരം പിടിക്കുന്നത്. എന്നാൽ ഇത്തവണ സ്ഥിതി തങ്ങൾക്കനുകൂലമാണെന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ അവകാശ വാദം ശരിയാണെന്നു പറയാം. നിതീഷും ബി.ജെ.പിയും ഒരുമിച്ചാണ് മത്സരിക്കുന്നത്. മറുവശത്ത് നിതീഷിന്റെ കുറവുണ്ട്. 15 വർഷം തുടർച്ചയായി ( മാഞ്ചിയുടെ കുറച്ചു കാലമൊഴികെ ) ബീഹാറിൽ നിതീഷാണ് ഭരിക്കുന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിൽ ആകെയുള്ള പ്രശ്നം പസ്വാന്റെ മകന്റെ നേതൃത്വത്തിലുള്ള എൽ.ജെ.പിയാണ്. കേന്ദ്രത്തിൽ മോദിയെ അംഗീകരിക്കുമ്പോൾ ബീഹാറിൽ അവർ നിതീഷിനെതിരാണ്. നിതീഷിനെയും ബി.ജെ.പിയെയും തെറ്രിക്കാനുള്ള നടപടികളെല്ലാം ചിരാഗ് പസ്വാൻ എടുക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് ശേഷം നിതീഷില്ലാതെ ബി.ജെ.പി, എൽ.ജെ.,പി സഖ്യം ഭരണം പിടിക്കുമെന്ന ചിരാഗ് സ്വപ്നത്തെ ബി.ജെ.പി പരസ്യമായി തള്ളിക്കളയുന്നുണ്ട്. ബി.ജെ.പി കൂടുതൽ സീറ്റ് നേടിയാലും നിതീഷ് കുമാർ തന്നെയാവുംമുഖ്യമന്ത്രി എന്ന് ബി.ജെ.പി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപാർട്ടികളുടെയും കേഡറുകൾക്കുള്ള വ്യക്തമായ സൂചന കൂടിയാണത്. സംസ്ഥാന ഘടകത്തിലെ ചില ബി.ജെ.പി നേതാക്കൾക്ക് നിതീഷ് കുമാറുമായി അത്ര നല്ല ബന്ധമല്ല. എന്നാൽ സുശീൽ മോദി-നിതീഷ് കുമാർ ഇക്വേഷനാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ബിഹാറിലെ അടിത്തറ. അതേ സമയം ഇന്നത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ ഒഴിവാക്കി മഹാഗഡ് ബന്ധനെ കൂട്ടി മന്ത്രിസഭയുണ്ടാക്കാനുള്ള വിദൂര സാദ്ധ്യതപോലുമില്ല.
ഫലത്തിൽ നിതീഷിന്റെ നേതൃത്വത്തിൽ ജെ.ഡി.യു-ബി.ജെ.പി മന്ത്രിസഭ ഉണ്ടാക്കാനുള്ള സാദ്ധ്യതയാണ് കൂടുതൽ. സി.പി.ഐ, സി.പി.എം , സി.പി.ഐ ( എം.എൽ ) പാർട്ടികളും കോൺഗ്രസും കൂടെ ആർ.ജെ.ഡിയുടെ കൂടെ നിൽക്കുമ്പോൾ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്നവരുണ്ട്. അതിനുള്ള സാദ്ധ്യത കുറവാണെങ്കിലും ഗഡ്ബന്ധന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞാൽ ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ ഐക്യ നിര രൂപപ്പെടാൻ അതിടയാക്കും.രാഹുൽഗാന്ധിക്കും അത് കരുത്ത് പകരും. ബി.ജെ.പി - ജെ.ഡിയു സഖ്യമാണ് വിജയിക്കുന്നതെങ്കിൽ മോദി കൂടുതൽ കരുത്തനാവുന്നതോടൊപ്പം അടുത്ത് വരുന്ന പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മമതയെ തറപറ്രിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്ക് അത് ആക്കംകൂട്ടുകയും ചെയ്യും.
(ന്യൂഡൽഹി കേന്ദ്രീകരിച്ച മാർക്കറ്രിംഗ് വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ)