
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.നാട്ടുകാർ രേഖാമൂലമായ ഉറപ്പാണ് ആവശ്യപ്പെടുന്നത്. മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിന് പരിഹാരം കാണുകയും നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കി നിർമാണ പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ തുറമുഖ നിർമാണം അനന്തമായി നീളും.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പുനരധിവാസ പാക്കേജ് നടപ്പാക്കിയശേഷമാണ് നിർമാണ പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ഇക്കാര്യങ്ങളിൽ തുടർ ചർച്ചയോ പരാതി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളോ ഇടത് സർക്കാരിന്റ ഭാഗത്തുനിന്നുണ്ടായില്ല. മത്സ്യബന്ധന തുറമുഖത്തിന്റെയും സീ ഫുഡ് പാർക്കിന്റെയും നിർമ്മാണം ഇതുവരെ ആരംഭിച്ചില്ല. പ്രാദേശിക പിന്തുണ ലഭിച്ചതുകൊണ്ടു മാത്രമാണ് വിഴിഞ്ഞം തുറമുഖ നിർമാണം യഥാസമയം ആരംഭിക്കാൻ കഴിഞ്ഞതെന്ന കാര്യം വിസ്മരിക്കരുതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.