attack

 വനിതകൾ ഉൾപ്പെടെ 5 പേർക്ക് പരിക്ക്

 ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: കരമന പി.ആർ.എസ് ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാ​റ്റുന്ന ചിത്രങ്ങൾ പകർത്തിയ മാദ്ധ്യമപ്രവർത്തകരെ ആശുപത്രി ജീവനക്കാരന്റെ നേതൃത്വത്തിൽ കൈയേ​റ്റം ചെയ്തു. 5 പേർക്ക് പരിക്കേറ്റു.പൊലീസ് നോക്കി നിൽക്കേയാണ് കൈയേ​റ്റമുണ്ടായത്. കാമറകളും തകർത്തു. പ്രതിഷേധത്തെ തുടർന്ന്, തമ്പാനൂർ പി.ടി.സി ടവറിന് സമീപം താമസിക്കുന്ന കിരണിനെ (30) വൈകിട്ടോടെ കരമന പൊലീസ് അറസ്റ്റു ചെയ്തു.

വനിതാ മാദ്ധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരെയാണ് കൈയേറ്റം ചെയ്തത്. സുപ്രഭാതം ദിനപത്രത്തിലെ ഫോട്ടോഗ്രാഫർ ദീപപ്രസാദ്,​ അമൃത ടി.വി കാമറാമാൻ സുരേഷ് എന്നിവർക്കാണ് കൂടുതൽ മർദ്ദനമേറ്റത്. കൈരളി ചാനലിലെ വനിത റിപ്പോർട്ടർ ഷീജയ്ക്കും കാമറ വുമൺ ഷാജിലയ്ക്കും സിറാജ് ദിനപത്രത്തിലെ ശിവ‌‌ജിക്കും അടിയേറ്റു. മർദ്ദനത്തിൽ അവശനായ സുരേഷിനെ സഹപ്രവർത്തകർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ആശുപത്രിയിലെ എമർജൻസി വിഭാഗം വാതിലിലൂടെ ശിവശങ്കറിനെ ആംബുലൻസിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകരെയാണ് ശിവശങ്കറിനെ കൊണ്ടുവന്ന കൂട്ടത്തിലുള്ള ജീവനക്കാരൻ യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകർ ആശുപത്രിയുടെ എമർജൻസി കെയറിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് കരമന പൊലീസെത്തി ചർച്ച നടത്തി. നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഒരു മണിക്കൂറിന് ശേഷമാണ് കിരണിനെ അറസ്റ്റ് ചെയ്തത്.

ശിവശങ്കറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴും മാദ്ധ്യമപ്രവർത്തകർക്കു നേരേ കൈയേറ്റ ശ്രമമുണ്ടായി.