
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള കേന്ദ്ര ഏജൻസികളുടെ നീക്കം സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളെ മറികടക്കാൻ ജോസ് കെ.മാണിയുടെ ഇടതുപ്രവേശനത്തെ രാഷ്ട്രീയായുധമാക്കാൻ തീരുമാനിച്ച സി.പി.എമ്മിനെയും സർക്കാരിനെയും ആശങ്കയിലാക്കി.
സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്ക് കോടതികളിൽ നിന്നുണ്ടായ തിരിച്ചടികളെ മറികടക്കാനാണ് ശിവശങ്കറിനെതിരായ നീക്കം ശക്തമാക്കിയതെന്ന് സി.പി.എം സംശയിക്കുന്നു. മുഖ്യമന്ത്രിയാകട്ടെ ഒന്നും മറയ്‌ക്കാനില്ലെന്ന നിലപാടിലുമാണ്.
നൂറ് മണിക്കൂറിലേറെ ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടും അറസ്റ്റിന് വേണ്ട തെളിവുകൾ കിട്ടാത്ത ഏജൻസികളുടെ പെട്ടെന്നുള്ള നീക്കത്തിൽ രാഷ്ട്രീയ ദുരുദ്ദേശ്യം ഉണ്ടെന്ന് ഇടതുനേതൃത്വം കരുതുന്നു. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയലക്ഷ്യത്തിന് ദുരുപയോഗിക്കുന്നതായി സി.പി.എം സംശയം പ്രകടിപ്പിച്ചിരുന്നു. സി.പി.ഐ ഈ ആരോപണം കടുപ്പിച്ചു. ലൈഫ് മിഷൻ ഇടപാടിൽ സംസ്ഥാന സർക്കാരിനെ ഇരുട്ടിലാക്കി സി.ബി.ഐ അന്വേഷണത്തിന് തീരുമാനിച്ചതോടെ ഇടതുമുന്നണി ശക്തമായി രംഗത്തെത്തി.സർക്കാരിന്റെ ഹർജിയിൽ കോടതി സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്തു. ഇതിന് പിന്നാലെയാണ് സ്വർണ്ണക്കടത്ത് കേസിലെ ചില പ്രതികൾക്ക് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചതും. സ്വർണ്ണക്കടത്ത് കേസിൽ ഉറവിടത്തിലേക്ക് അന്വേഷണം ചെല്ലുന്നില്ലെന്നതും സംശയാസ്പദമാണെന്ന് സി.പി.എമ്മും സി.പി.ഐയും ചൂണ്ടിക്കാട്ടുന്നു.
യു.ഡി.എഫ് വിട്ട ജോസ് കെ.മാണി ഇടതുമുന്നണി പ്രവേശനത്തിന് തയാറെടുത്തതോടെ, യു.ഡി.എഫിനെതിരെ രാഷ്ട്രീയ പ്രത്യാക്രമണം സി.പി.എം ശക്തമാക്കുകയാണ്. മുഖ്യമന്ത്രിയുടെ രാജിക്കായി യു.ഡി.എഫ് നടത്തിയ സമരം ജനങ്ങളും ഘടകകക്ഷിയും തള്ളിക്കളഞ്ഞതിന് തെളിവായാണ് ഇതിനെ ഉയർത്തിക്കാട്ടുന്നത്. ഘടകകക്ഷിയെ പോലും കൂടെ നിറുത്താൻ കോൺഗ്രസിനായില്ലെന്നാണ് പ്രചാരണം.
വരും ദിവസങ്ങളിൽ ഇടതുമുന്നണി ഇത് ശക്തമായ പ്രചാരണ ആയുധമാക്കാനിരിക്കെയാണ് കേന്ദ്ര ഏജൻസികളുടെ നാടകീയനീക്കങ്ങൾ.
കഴിഞ്ഞ ദിവസം ബി.ജെ.പി വേദിയിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ ശിവശങ്കറിനെതിരെ കസ്റ്റംസ് നീക്കം ബലപ്പെടുത്തിയതിലാണ് സി.പി.എം ദുരൂഹത മണക്കുന്നത്. എന്നാൽ, സ്വർണ്ണക്കടത്ത് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളെ അഭ്യർത്ഥിച്ചതും ശിവശങ്കറിനെ നീക്കിയതും സ്വപ്ന സുരേഷിന് ജോലി നൽകിയതിൽ ക്രമക്കേട് കണ്ടപ്പോൾ തന്നെ സസ്പെൻഡ് ചെയ്തതുമെല്ലാം മുഖ്യമന്ത്രിയുടെ സുതാര്യനിലപാടിന് തെളിവായാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.