yakshi

തിരുവനന്തപുരം: നി‌ർമ്മാണവേളയിലും തുടർന്നും പലതരം എതിർപ്പുകളെ നേരിടേണ്ടിവന്ന മലമ്പുഴയിലെ 'യക്ഷി' വീണ്ടും ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നു. പ്രതിമാ നിർമ്മാണത്തിന് ശില്പി കാനായി കുഞ്ഞിരാമന്റെ സഹായത്തിനായി ജലസേചന വകുപ്പ് നൽകിയ ആറു തൊഴിലാളികളിൽ നഫീസ എന്ന സ്ത്രീ ഈയിടെ നിര്യാതയായി. അവർ യക്ഷി ശില്പത്തിനു മോഡലായിരുന്നു എന്ന നിലയിലാണ് പുതിയ വിവാദം. അങ്ങനയൊരു മോഡലേ ഉണ്ടായിരുന്നില്ലെന്ന് കാനായി കുഞ്ഞിരാമൻ പറയുന്നു. ഒരു സ്ത്രീയുടെ മരണശേഷം ഇത്തരം കള്ളക്കഥകൾ ചമയ്ക്കുന്നത് മഹാമോശമാണെന്നും അദ്ദേഹം പറഞ്ഞു.

1955ൽ മലമ്പുഴ അണക്കെട്ടു പണിത് ഒരുവർഷത്തിനുശേഷം 36 ഏക്കറിൽ ഉദ്യാനത്തിന്റെ പണി തുടങ്ങിയിരുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ശില്പം നിർമ്മിക്കാമെന്ന് തീരുമാനിച്ചത് 1967ലാണ്. അതിനായി അന്ന് മദ്രാസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫൈൻ ആർട്സിന്റെ പ്രിൻസിപ്പലായ കെ.സി.എസ്. പണിക്കരെ അധികൃതർ സമീപിച്ചു. പണിക്കർ തന്റെ ശിഷ്യനായ കാനായി കുഞ്ഞിരാമനെ ഏൽപ്പിക്കുകയായിരുന്നു.

പ്രതിമാ നിർമ്മാണത്തിൽ കാനായിയെ സഹായിച്ച താത്കാലിക ജീവനക്കാരെ സുവർണ ജൂബിലി വർഷത്തിൽ ആദരിക്കാത്തതിനെ ചൊല്ലി കഴിഞ്ഞവർഷം വിവാദം ഉണ്ടായിരുന്നു. എന്നാൽ അക്കൂട്ടത്തിലുണ്ടായിരുന്ന നബീസ ആശുപത്രിയിൽ കിടക്കുകയാണെന്ന് അറിഞ്ഞ് താനും ഭാര്യയും പോയി കണ്ടിരുന്നുവെന്ന് കാനായി പറഞ്ഞു.

ശില്പനിർമ്മാണത്തിന് എനിക്കൊരു മോഡലിന്റെയും ആവശ്യമില്ല. ക്ഷേത്രകലയാണ് പ്രചോദനം. മലമ്പുഴയിലെ യക്ഷിമാത്രമല്ല,​ ശംഖുംമുഖത്തെ സാഗരകന്യകയ്ക്കോ തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലെ കാവ്യശില്പങ്ങൾക്കോ മോഡലിന്റെ ആവശ്യമുണ്ടായിരുന്നില്ല. മെഡിക്കൽ കോളേജിൽ അനാട്ടമി പഠിച്ചു കഴിഞ്ഞവർ ഹൃദയ ശസ്ത്രക്രിയ നടത്തുമ്പോൾ വേറൊരു ഹൃദയത്തെ നോക്കേണ്ടതില്ലല്ലോ. അതുപോലെ തന്നെയാണ് എന്റെ ശില്പനിർമ്മാണവും.

- കാനായി കുഞ്ഞിരാമൻ