prinsmohan

വിതുര: വിവാഹവാഗ്ദാനം നടത്തി വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ വിതുര പൊലീസ് അറസ്റ്റു ചെയ്തു. വിതുര ബോണക്കാട് ജി.ബി ഡിവിഷനിൽ എം. പ്രിൻസ് മോഹനാണ് (32) പിടിയിലായത്. വിതുര മരുതാമല ജഴ്സിഫാമിലെ ജീവനക്കാരിയും വിവാഹിതയുമായ 35കാരിയാണ് പീഡനത്തിരയായത്. ജഴ്സി ഫാമിലെ ഡ്രൈവറായ പ്രതി യുവതിയെ തന്റെ സ്വകാര്യഫാമിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നും അത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ നിരന്തരം പീഡനത്തിനിരയാക്കിയ ശേഷം യുവതി ഗർഭിണിയായപ്പോൾ ഉപേക്ഷിക്കുകയായിരുന്നു. ഗർഭം അലസിപ്പാക്കാനും പ്രതി ശ്രമം നടത്തി. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലപ്പോഴായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ബോണക്കാട് എസ്റ്റേറ്റിൽ അതിക്രമിച്ചുകയറി രണ്ട് ലക്ഷത്തോളം രൂപയുടെ യന്ത്രസാമഗ്രികൾ മോഷ്ടിച്ച് കടത്തിയ കേസിലും തീർത്ഥാടന കേന്ദ്രമായ വിതുര ബോണക്കാട് കുരിശുമലയിൽ അതിക്രമിച്ചുകയറി സംഘർഷം ഉണ്ടാക്കിയ സംഭവത്തിലും പ്രതിയാണ് പ്രിൻസ്,. വിതുര പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ്, എ.എസ്.എെ അബ്ദുൽകലാം, എസ്.സി.പി.ഒമാരായ പ്രദീപ്, അഭിലാഷ്, സി.പി.ഒമാരായ ശരത്, നിവിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.