udf

തിരുവനന്തപുരം: വീരേന്ദ്രകുമാർ വിഭാഗത്തിന് ശേഷം ജോസ് കെ.മാണിയും യു.ഡി.എഫ് വിട്ടുപോയതോടെ അധികം വരുന്ന സീറ്റുകൾക്കായി മുസ്ലിംലീഗും പി.ജെ. ജോസഫുമടക്കം വിലപേശൽ ശക്തമാക്കിയതോടെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം കോൺഗ്രസിന് തലവേദനയാകും.

ജോസ് പക്ഷം പോയെന്ന് കരുതി,​ കേരള കോൺഗ്രസ്-എം കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റിൽ വിട്ടുവീഴ്ച പറ്റില്ലെന്ന് കഴിഞ്ഞദിവസം കോൺഗ്രസുമായി നടത്തിയ ചർച്ചയിൽ പി.ജെ. ജോസഫ് കടുപ്പിച്ചു. പഴയ മാണിഗ്രൂപ്പുകാരായ നിരവധി നേതാക്കൾ പാർട്ടിയിലേക്ക് വരുന്നുണ്ട്. അവർക്ക് അർഹമായ പരിഗണന നൽകണം.

ജോസ് പക്ഷം പോയതോടെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കൂടുതൽ സീറ്റുകൾ ഏറ്റെടുക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. ജോസഫിന്റെ കർശനനിലപാട് അതിന് വെല്ലുവിളിയാകും. ജോസഫിന്റെ ആവശ്യം അതേപടി കോൺഗ്രസ് അംഗീകരിക്കില്ല.

മലബാർ പാർട്ടിയെന്ന പ്രതിച്ഛായ മാറ്റാൻ തിരുവനന്തപുരം, കൊല്ലം ജില്ലകളിലടക്കം കൂടുതൽ സീറ്റ് വശ്യപ്പെട്ടിരിക്കുകയാണ് മുസ്ലിംലീഗ്. കോട്ടയത്ത് മാണി കേരള കഴിഞ്ഞതവണ മത്സരിച്ച പൂഞ്ഞാറും ലീഗ് ചോദിക്കുന്നു.

കഴിഞ്ഞ തവണ അഞ്ചിടത്ത് മത്സരിച്ച ആർ.എസ്.പി ഏഴ് സീറ്റാണ് ഇക്കുറി ആവശ്യപ്പെടുന്നത്. സി.എം.പിയും കേരള കോൺഗ്രസ്-ജേക്കബും കൂടുതൽ ചോദിക്കുന്നു.

കെ.പി.സി.സി പുനഃസംഘടനയിൽ തഴയപ്പെട്ട പലരും മിണ്ടാതിരിക്കുന്നത് തദ്ദേശ, നിയമസഭാ സീറ്രുകളിൽ കണ്ണുവച്ചാണെന്ന് കോൺഗ്രസിൽ സംസാരമുണ്ട്. ഘടകകക്ഷി സമ്മർദ്ദം ശക്തമായാൽ പാർട്ടിക്ക് വലിയ പ്രതിസന്ധിയാകും.

 യു. ഡി. എഫിന് പ്രതിഛായാ നഷ്‌ടം

രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിദ്ധ്യമുള്ള മുന്നണിയെന്ന പരിവേഷം യു.ഡി.എഫിന് ഇല്ലാതാകുന്നുവെന്ന തോന്നൽ ജോസ് വിഭാഗം കൂടി പോയതോടെ ശക്തമായി. സർക്കാരിലെയും മറ്റും സാമുദായിക സന്തുലനം നിലനിറുത്തുന്നത് ഈ പരിവേഷമായിരുന്നു. ഗൗരി അമ്മ പോയതോടെ ഈഴവ പ്രാതിനിദ്ധ്യം ഇല്ലാതായി. എം.വി. രാഘവന്റെ നിര്യാണത്തിന് ശേഷം എം.പി. വീരേന്ദ്രകുമാറിന്റെ കക്ഷി സമ്മാനിച്ച സോഷ്യലിസ്റ്റ് മുഖവും നഷ്ടപ്പെട്ടു. ആർ.എസ്.പി മാത്രമാണ് ഇനി ആ നിലയിലുള്ളത്. അവരാകട്ടെ തെക്ക് മാത്രമാണ് ശക്തം. ഇത്തരം ന്യൂനതകൾ മറികടക്കാൻ ഒറ്റക്കെട്ടായ സമരമുന്നേറ്റത്തിനാണ് മുന്നണിശ്രമം.