chennithala

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

1200ലധികംപേരാണ് കൊവിഡ് ബാധിതരായി കേരളത്തിൽ മരിച്ചത്. ഒരു ലക്ഷത്തോളം പേർ ചികിത്സയിലുണ്ട്. ടെസ്റ്റുകൾ നടത്താതെ രോഗവ്യാപനം മറച്ചുവയ്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഇന്ത്യയിൽ കേരളം ഒന്നാമതായിക്കഴിഞ്ഞു. ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തത് മൂലം കൃത്യമായ രോഗവിവരങ്ങൾ ലഭിക്കുന്നുമില്ല. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമായി ഉയർത്തണം.
സർക്കാർ നടത്തിയ സീറോ സാമ്പിൾ സർവേ പഠനമനുസരിച്ച് മേയ് അവസാനത്തിൽ കേരളത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾക്കെങ്കിലും കൊവിഡ്- 19 ബാധിച്ച് സുഖപ്പെട്ടു പോയിട്ടുണ്ടാവാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ സർക്കാർ നടത്തിയ പി.ആർ കോലാഹലങ്ങൾ വിപരീതഫലമാണുണ്ടാക്കിയത്. ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളിലുണ്ടാക്കിയ വ്യാജ സുരക്ഷിതത്വ ബോധമാണ് പിന്നീട് വലിയ വിപത്തിലേക്ക് നയിച്ചതെന്നും ചെന്നിത്തല പറഞ്ഞു.