
കണ്ണൂർ: മലയാളത്തിന് മറക്കാനാവാത്ത ഈണങ്ങൾ സമ്മാനിച്ച് കടന്നുപോയ സംഗീതകാരൻ പത്മശ്രീ കെ. രാഘവൻ മാസ്റ്ററുടെ ഓർമ്മകൾക്ക് ഇന്ന് ഏഴാണ്ട് തികയുന്നു. മലയാളക്കരയാകെ മധുരസംഗീതമായി പാറിനടക്കുന്ന അനുരാഗ പൂങ്കുയിലിന്റെ ഓർമ്മകൾ പങ്കുവെക്കാൻ തലശേരി ചക്യത്ത് മുക്കിലെ വീട്ടിൽ ഇന്ന് ശിഷ്യരും മറ്റും ഒത്തുകൂടും. ഗുരുദക്ഷിണയായി ശിഷ്യരുടെ സംഗീത ആൽബവും പുറത്തിറക്കുന്നുണ്ട്. ഹരീന്ദ്രൻ കക്കാട് ഗാനരചനയും സംഗീതവും ഓർക്കസ്ട്രേഷനും നിർവഹിച്ച സംഗീത ആൽബത്തിൽ വി.ടി. മുരളി, കെ.പി.എ.സി പൊന്നമ്മ, കെ.ടി. പുഷ്പരാജ്, എ.പി. അനിൽകുമാർ, അമയ ശ്രീലേഷ് എന്നിവരാണ് ഗായകർ.
നാളെ ഓൺലൈനിൽ വി.ടി. മുരളി ആൽബം റിലീസ് ചെയ്യും. കാഞ്ഞങ്ങാട് ചെറുവത്തൂരിലെ രവീന്ദ്രൻ പാടാച്ചേരിയുടെ നേതൃത്വത്തിലുള്ള പാട്ട് വീട് കുടുംബവും മാസ്റ്റർക്ക് സ്മരണാഞ്ജലി അർപ്പിച്ച് മാഷുടെ അനശ്വരങ്ങളായ പാട്ടുകൾ സോഷ്യമീഡിയയിൽ ആലപിക്കുന്നുണ്ട്. രവീന്ദ്രന് പുറമെ ഭാര്യ സീന, മക്കളായ അനാമിക, വൈഗ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. മാസ്റ്റർ സംഗീതം നിർവഹിച്ച എല്ലാരും ചൊല്ലണ്, എങ്ങിനെ നീ മറക്കും, കായലരികത്ത് , മാനെന്നും വിളിച്ചില്ല എന്നിവയൊക്കെ നാടൻപാട്ടിന്റെ എല്ലാ സവിശേഷതകളും നിറഞ്ഞതായിരുന്നു.
1952 ൽ കോഴിക്കോട് അബ്ദുൽ ഖാദർ എന്ന ഗായകനെ പരീക്ഷിച്ചു കൊണ്ടാണ് രാഘവൻ മാസ്റ്ററുടെ തുടക്കം. പിന്നീട് നീലക്കുയിലിലും ശേഷവും ആ സ്നേഹ സ്പർശം ഏറ്റവർ അനവധിയുണ്ട്.
കോഴിക്കോട് അബ്ദുൽ ഖാദർ, ജാനമ്മ ഡേവിഡ്, കോഴിക്കോട് പുഷ്പ, ഗായത്രീ ശ്രീകൃഷ്ണൻ, രേണുക, വി.ടി മുരളി എന്നിവരുടെ നീണ്ട നിരയുണ്ട്. വി.ടി മുരളിയുടെ ഓത്തുപള്ളിയിലന്നു നമ്മള് പോയിരുന്ന കാലം എന്ന ഗൃഹാതുരത്വമുണർത്തുന്ന ഗാനം മറക്കുമോ മലയാളിയുള്ള കാലം പി. ഭാസ്കരൻ– കെ. രാഘവൻ കൂട്ടുകെട്ട് നീലക്കുയിലിനു ശേഷം ദൃഢപ്പെടുകയായിരുന്നു.
രാരിച്ചൻ എന്ന പൗരനിലെ നാഴിയൂരിപാലുകൊണ്ട്, പണ്ട് പണ്ട് പണ്ട് നിന്നെ, നായര് പിടിച്ച പുലിവാലിലെ കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം, വെളുത്തപെണ്ണേ, നീലിസാലിയിലെ നയാപൈസയില്ല, അമ്മയെക്കാണാനിലെ ഉണരുണരൂ … കൊന്നപ്പൂവേ … കഥ കഥപൈങ്കിളിയും …ആദ്യകിരണങ്ങളിലെ പതിവായി പൗർണമി തോറും ..നഗരമേ നന്ദിയിലെ കന്നിരാവിൻ കളഭക്കിണ്ണം … മഞ്ഞണിപ്പൂനിലാവ് ..അസുരവിത്തിലെ കുന്നത്തൊരു കാവുണ്ട്….കള്ളിച്ചെല്ലമ്മയിലെ കരിമുകിൽ കാട്ടിലെ… മാനത്തെക്കായലിൽ …തുറക്കാത്ത വാതിലിലെ നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു .. പർവണേന്ദുവിൻ …കുരുക്ഷേത്രത്തിലെ പൂർണ്ണേന്ദു മുഖിയോടാമ്പലത്തിൽ …ഉമ്മാച്ചുവിലെ ആറ്റിനക്കരെയക്കരെ .. ഏകാന്തപഥികൻ ഞാൻ… തുടങ്ങിയത് മാഷുടെ ഗാനങ്ങളിൽ ചിലത് മാത്രമാണ്.
പ്രതിമയുണ്ട്, സംരക്ഷിക്കാൻ കഴിയുന്നില്ല
തലശേരി പാർക്കിൽ മാഷ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് പ്രതിമ സ്ഥാപിച്ചെങ്കിലും അത് സംരക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പ്രതിമയുടെ കൈയും മറ്റും സാമൂഹ്യവിരുദ്ധർ തകർക്കുന്ന സംഭവവുമുണ്ടായിട്ടുണ്ട്. പ്രതിമ സംരക്ഷിക്കാൻ ചുറ്റു മതിൽ വേണമെന്ന ആവശ്യവും നടന്നില്ല. മാഷുടെ സ്മരണ നിലനിർത്താൻ ഒരു സാംസ്കാരിക നിലയം സ്ഥാപിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.