solar

കണ്ണൂർ: സോളാർ വൈദ്യുതി ഉത്പ്പാദനത്തിൽ സംസ്ഥാനം വൻ കുതിപ്പിലേക്ക് നീങ്ങുന്നു. സോളാർ വൈദ്യുതി ഉത്പ്പാദനശേഷി 200 മെഗാവാട്ട് കടന്നു. 164 മെഗാവാട്ടിന്റെ വർദ്ധന കഴിഞ്ഞ നാലു വർഷം കൊണ്ട് നടത്തിയ പ്രവർ‍ത്തനങ്ങളുടെ ഫലമാണ്. സൗര പദ്ധതി പ്രകാരം സൗരോർജ്ജത്തിൽ നിന്നും 1000 മെഗാ വാട്ട് വൈദ്യൂതി ഉത്പ്പാദനമാണ് കേരളം ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ 500 മെഗാ വാട്ട് പുരപ്പുറ സൗരോർജ്ജ പദ്ധതികൾ വഴി നേടാൻ കഴിയുമെന്നാണ് വൈദ്യുതി വകുപ്പ് പ്രതീക്ഷിക്കുന്നത്.

സജ്ജമായി 150 പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ

150 സ്ഥലങ്ങളിൽ‍ പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ‍ സ്ഥാപിച്ചു കഴിഞ്ഞു. സൗര ഒന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങൾ‍ക്കു മുകളിൽ‍ 50 മെഗാവാട്ട് സൗരോർജ്ജ നിലയങ്ങൾ‍ സ്ഥാപിക്കുന്നത് നവംബറിൽ‍ പൂര്‍ത്തിയാകും.

ഇത് പൂർ‍ത്തിയാകുന്നതോടെ വീടുകളിൽ സബ്സിഡിയോടെ സൗരോർജ്ജ നിലയങ്ങൾ‍ സ്ഥാപിക്കുന്നത് ആരംഭിക്കും. സബ്സിഡി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മാർച്ചോടെ പൂർത്തിയാകും.

കെ.എസ്.ഇ.ബിയുടെ സബ്‌സ്റ്റേഷനിലും മറ്റു പ്രദേശങ്ങളിലും ഗ്രൗണ്ട്‌ മൗണ്ടഡ്‌ സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതികൾ പൂർത്തിയായി വരുന്നു. കാസർ‍കോട്ട് 50 മെഗാവാട്ട് ശേഷിയുള്ള നിലയത്തിന്റെ പണി പുരോഗമിക്കുന്നു.

ജലസംഭരണികളിൽ‍ സൗരോർജ്ജ നിലയങ്ങൾ‍ സ്ഥാപിക്കുന്നതിൻ്റെ പ്രാരംഭ നടപടികളും തുടങ്ങി.

സോളാർ പ്രഭയുടെ തിളക്കത്തിൽ പിണറായി പഞ്ചായത്ത്

സൗരോർജ പ്രഭയുടെ തിളക്കത്തിലാണ് പിണറായി പഞ്ചായത്ത്. മുഖ്യമന്ത്രി മുൻകൈയെടുത്ത് സ്വന്തം നാട്ടിലെ സൗരോർജ പ്രകാശത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങൾക്ക് വെളിച്ചം പകരുകയാണ്. സൂര്യൻ ഇവിടെ വെളിച്ചം മാത്രമല്ല, സാമ്പത്തിക നേട്ടവും കൂടി നൽകുകയാണ്. സോളാർ വൈദ്യുതിയിലൂടെ പിണറായി പഞ്ചായത്തോഫീസ് മാസം ലാഭിക്കുന്നത് നാലായിരം രൂപ. ഇടതടവില്ലാതെ വൈദ്യുതി ഏതുനേരവും ലഭിക്കുന്നതിനാൽ ഓഫീസ് പ്രവർത്തനവും സുഗമം.
കണക്കുകൂട്ടലിനുമപ്പുറമാണ് സൂര്യൻ പഞ്ചായത്തിന് നൽകിയത്. സൗരോർജത്തിലൂടെയുള്ള അഞ്ച് കിലോവാട്ടിലാണ് ഓഫീസിലെ ഫാനും ട്യൂബും പ്രവർത്തിക്കുന്നത്. എ.സി, കംപ്യൂട്ടർ, യു.പി.എസ് സംവിധാനത്തിനു മാത്രമേ കെ.എസ്.ഇ.ബി വൈദ്യുതി വേണ്ടൂ. വൈദ്യുതി മുടങ്ങിയാലും ഇവിടെ ഓഫീസ് പ്രവർത്തനത്തിന് തടസമാകില്ല. വൈദ്യുതിയില്ലാത്തതിന്റെ പേരിലുള്ള ഒരു ബുദ്ധിമുട്ടും ഈ ഓഫീസിനെ ബാധിക്കാറില്ല. പഞ്ചായത്തിന് വിട്ടുകിട്ടിയ മുഴുവൻ സ്ഥാപനത്തിലും പുരപ്പുറ സൗരോർജ പ്ലാന്റുകൾ അനെർട്ടിന്റെ സഹായത്തോടെ ഏർപ്പെടുത്താനുള്ള പദ്ധതിയാണിപ്പോൾ പുരോഗമിക്കുന്നത്.

സോളാറിലേക്ക് മാറിയത്

കൃഷിഭവൻ, വെറ്ററിനറി ആശുപത്രി, അംഗൻവാടികൾ, സബ്‌സെന്റർ, ശ്മശാനം, എ.കെ.ജി സ്‌കൂൾ, വി.ഇ.ഒ ഓഫീസ്, നീന്തൽകുളം

3 വർഷം

പഞ്ചായത്തിന് ലാഭം- 1,44,000 രൂപ