
തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, ഇടതുമുന്നണിയിലേക്ക് പുതിയ കക്ഷികൾ വരുമ്പോൾ സീറ്റ് വിഭജനത്തിലും മറ്റും എല്ലാ കക്ഷികൾക്കും വിട്ടുവീഴ്ച ചെയ്യണമെന്ന് ഓർമ്മിപ്പിച്ച് സി.പി.എം ഉഭയകക്ഷി ചർച്ചകളിലേക്ക് നീങ്ങുന്നു.
വരും ദിവസങ്ങളിൽ എല്ലാ ഘടകകക്ഷികളുമായും സി.പി.എം ചർച്ച നടത്തും. അവരുടെ സമ്മതം ഉറപ്പാക്കിയ ശേഷം ഇടതുമുന്നണി യോഗം ചേർന്ന് ജോസ് വിഭാഗത്തിന്റെ മുന്നണിപ്രവേശനം തീരുമാനിക്കും.
കേരള കോൺഗ്രസ്- എം ജോസ് കെ.മാണി വിഭാഗം മുന്നണിയുടെ ഭാഗമാകാനൊരുങ്ങവേയാണ്, വിട്ടുനൽകേണ്ടി വരുന്ന സീറ്റുകളുടെ ബാദ്ധ്യത തങ്ങൾക്ക് മാത്രമായി താങ്ങാനാവില്ലെന്ന നിലപാടിലേക്ക് സി.പി.എം നീങ്ങുന്നത്. തിരഞ്ഞെടുപ്പ് വിജയം മുന്നണിയുടെ കൂട്ടായ ഉത്തരവാദിത്വമാണ്. അപ്പോൾ പ്രധാനകക്ഷി മാത്രം മുഴുവൻ നഷ്ടവും സഹിക്കണമെന്ന നിലപാട് ശരിയല്ല.
പുതിയ കക്ഷികൾ വരുമ്പോൾ അത് സി.പി.എമ്മിന്റെ താല്പര്യമെന്ന് തോന്നിപ്പിച്ച് ഘടകകക്ഷികൾ മാറി നിൽക്കുന്നത് സീറ്റുകൾ വിട്ടുകൊടുക്കുന്നത് ഒഴിവാക്കാനാണെന്ന് പാർട്ടി കരുതുന്നു. കേരള കോൺഗ്രസ് വരുമ്പോൾ മദ്ധ്യതിരുവിതാംകൂറിൽ കുറച്ച് സീറ്റുകൾ വിട്ടുനൽകേണ്ടി വരും. കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന കക്ഷിയെന്ന നിലയിൽ സി.പി.എമ്മും രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ സി.പി.ഐയും ആ നഷ്ടം സഹിക്കണം. അതുപോലെ മുന്നണിയിൽ എത്തിയ ലോക് താന്ത്രിക് ജനതാദളിനും സീറ്റുകൾ നൽകണം. അതിലും എല്ലാവരും വിട്ടുവീഴ്ച ചെയ്യണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണിക്കൊപ്പമെത്തിയ ജനാധിപത്യ കേരള കോൺഗ്രസിന് നാലും കേരള കോൺഗ്രസ്- സ്കറിയ തോമസ്, കേരള കോൺഗ്രസ്- ബി പാർട്ടികൾക്ക് ഓരോന്നും സീറ്റുകളാണ് അനുവദിച്ചത്. കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ അക്കൗണ്ടിൽ അങ്ങനെ ആറ് സീറ്റുകൾ. ഇക്കുറി ജോസ് വിഭാഗത്തിന് മാത്രമായി അതിൽ കൂടുതൽ നൽകേണ്ടി വരുമെന്നാണ് സൂചന.