sh

തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങി അനധികൃതമായി വിദേശ മദ്യവില്പന
നടത്തിയ ആളെ പൊലീസ് പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം റജി ഭവനിൽ ഷാജിനെയാണ് (49) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബിറേജ് ഔട്ട്‌ലെറ്റിൽ നിന്നും വിദേശമദ്യം വാങ്ങി
ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് മദ്യം സ്ഥലത്ത് എത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇയാളുടെ ഓട്ടോറിക്ഷയും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4 ലിറ്റർ വിദേശമദ്യവും പൊലീസ് കസ്റ്റഡിയിലെടുത്തു.വിഴിഞ്ഞം എസ് .എച്ച്.ഒ പ്രവീൺ, എസ്. ഐ സജി, സി.പി.ഒ മാരായ അജികുമാർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.