
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗിയുടെ അഞ്ച് പവന്റെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തതായി പരാതി. അഴീക്കോട് ചാൽ സ്വദേശി കൊയിലി ഹരിദാസന്റെ മകളുടെ സ്വർണ്ണാഭരണങ്ങളാണ് കവർച്ച ചെയ്തത്. അസുഖ ബാധിതയായതിനെ തുടർന്ന് ഹരിദാസന്റെ മകളെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. രണ്ടാഴ്ച്ച മുൻപായിരുന്നു സംഭവം.
രോഗിയുടെ കൈവശമുള്ള അഞ്ച് പവൻ സ്വർണ്ണാഭരണങ്ങൾ ബാഗിലാക്കി മുറിയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു. ഡിസ്ചാർജായി ആശുപത്രി വിടാൻ ഒരുങ്ങും മുമ്പ് ആഭരണങ്ങൾ അണിയാൻ അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ടത്. എക്സ്റെ എടുക്കാനും മറ്റും മുറിക്ക് പുറത്ത് ഇറങ്ങിയപ്പോൾ മോഷ്ടാവ് അകത്തുകയറി ആഭരണങ്ങൾ കവർന്നതായാണ് സംശയം. ഹരിദാസന്റെ പരാതിയെ തുടർന്ന് ടൗൺ പൊലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു.