
മുടപുരം: കരകയറുന്ന കയർമേഖലയ്‌ക്ക് കരുത്തേകാൻ ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീൻ പ്രവർത്തനസജ്ജമാകുന്നു. നാശത്തിന്റെ വക്കിലായിരുന്ന ജില്ലയിലെ പല സംഘങ്ങളിലും അടുത്തിടെ ഉത്പാദനം പുനരാരംഭിച്ചിരുന്നു. ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീൻ പ്രാവർത്തികമാക്കുന്നതോടെ കയർ തൊഴിലാളികൾക്ക് വരുമാന വർദ്ധന ലഭിക്കും. നിലവിൽ പരമ്പരാഗതരീതിയിൽ കയർ പിരിക്കുന്ന തൊഴിലാളിക്ക് സർക്കാർ സഹായത്തോടെ 350 രൂപയാണ് ദിവസക്കൂലി. എന്നാൽ ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീൻ വഴി കയർ പിരിച്ചാൽ മറ്റ് സാമ്പത്തിക സഹായം ഇല്ലാതെ തൊഴിലാളിക്ക് 500 രൂപ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ 200 ഫാക്ടറികളിലായി ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീനുകൾ സ്ഥാപിക്കും. പദ്ധതിക്കായി സംസ്ഥാന സർക്കാർ 100 കോടി രൂപയാണ് ചെലവിടുന്നത്. ജില്ലയിൽ പെരുങ്ങുഴി, മുട്ടപ്പലം, മാടൻവിള, ആനത്തലവട്ടം എന്നീ സംഘങ്ങളിലാണ് മെഷീനുകൾ സ്ഥാപിക്കുന്നത്. ജില്ലയിലെ ഉദ്‌ഘാടനം 21, 22 തീയതികളിൽ നടക്കും. തൊഴിലാളികളുടെ കൂലി വർദ്ധനവിനായി കയർഫെഡ് ചെയർമാൻ അഡ്വ.എൻ. സായികുമാർ ചെയർമാനും എൻ.സി.ആർ.എം.ഐ ഡയറക്ടർ ഡോ.കെ.ആർ. അനിൽ കൺവീനറുമായി സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് രണ്ടാംകയർ പുനഃസംഘടന പദ്ധതി വഴി ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീൻ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ പദ്ധതി നടപ്പിലാക്കുന്നതോടെ പരമ്പരാഗത തൊഴിലാളികൾക്ക് പുറമേ 5200 പുതിയ തൊഴിലാളികൾക്ക് കൂടി ജോലി ലഭിക്കും.
യന്ത്രത്തിന്റെ പ്രവർത്തനം
--------------------------------------------
പരമ്പരാഗത റാട്ടിൽ തൊഴിലെടുത്ത് കഷ്ടപ്പെടുന്ന രീതി മാറി അനായാസം കയർപിരിക്കാൻ കഴിയുന്നതാണ് ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീൻ. പച്ചത്തൊണ്ട് ചകിരി നൽകിയാൽ കയറായി തിരിച്ച് ലഭിക്കുന്ന രീതിയാണ് പുതിയ യന്ത്രത്തിന്റെ പ്രവർത്തനം. യന്ത്രത്തിന്റെ അടുത്തുതന്നെ തൊഴിലാളികൾക്ക് ജോലി ചെയ്യാം. കേരളാ സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ച്ചറിംഗ് കമ്പനിയാണ് മെഷീൻ തയ്യാറാക്കിയത്.
സ്ഥാപിക്കുന്നത് - 2000 മെഷീനുകൾ
അനുവദിച്ച തുക - 100 കോടി
സംസ്ഥാനത്ത് കയർഫെഡ്
സംഭരിച്ച കയർ (ക്വിന്റലിൽ)
---------------------------------------------
2014 -15 -- 65,379
2015 -16 -- 78,820
2016 -17 -- 99,794
2017 -18 -- 1,25,067
2018 -19 -- 1,55,036
'' രണ്ടാം കയർ പുനഃസംഘടനാ പദ്ധതി വഴി ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീൻ സ്ഥാപിക്കുന്നതിലൂടെ കയർ വ്യവസായത്തിന് മുന്നേറ്റം ഉണ്ടാകും. അതോടൊപ്പം തൊഴിലാളികൾക്ക് വരുമാനവർദ്ധനയും ഉണ്ടാകും.
അഡ്വ.എൻ. സായികുമാർ,
കയർഫെഡ് ചെയർമാൻ