
കവിതയ്ക്കു വേണ്ടി ജനിച്ച്, കവിത മാത്രം ശ്വസിച്ച്, കവിതയ്ക്കു വേണ്ടി ജീവിച്ച മഹാകവി പി. കുഞ്ഞിരാമൻ നായരുടെ തലമുറയിൽ നിന്നൊരാൾ കാമറയും പരിവാരങ്ങളുമായി അങ്ങ് കാനഡയിൽ നിന്നും കേരളത്തിലെത്തി, ശേഷം സിനിമയുമായി ജീവിക്കാൻ. പേര് സീമാ ശ്രീകുമാർ. സ്വദേശം കവിയുടെ ദേശം തന്നെ. കാഞ്ഞങ്ങാട് വെള്ളിക്കോത്ത്. സീമയുടെ വല്യപ്പൂപ്പനാണ് കവി. ജീവിതം കരുപ്പിടിപ്പിച്ചത് ഭർത്താവ് ശ്രീകുമാറിനൊപ്പം കാനഡയിൽ. രണ്ടു പേരും കൂടി ഇപ്പോഴൊരുക്കുന്ന സിനിമയുടെ പേര് 'ഒരു കനേഡിയൻ ഡയറി".
മൂന്നു മക്കളുമായി സകുടുംബം കഴിഞ്ഞുവരവെയാണ് സിനിമ ചെയ്യണമെന്ന് തോന്നിയതെന്ന് സീമ ശ്രീകുമാർ. പഠിച്ചിട്ടുള്ളത് സംഗീതമാണ്. സിനിമാ മോഹംകാരണം അവിടെ തന്നെ സംവിധാനം പഠിക്കാൻ പോയി. കഥ ആദ്യമേ രൂപപ്പെട്ടിരുന്നു. അത് ഷോർട്ട് ഫിലിമാക്കണോ? അതോ വീഡിയോ ആൽബത്തിലെ പാട്ടാക്കി ഒതുക്കി എടുക്കണമോ എന്ന് ആലോചിച്ചിരിക്കവേ ഭർത്താവ് ശ്രീകുമാർ തന്നെ പറഞ്ഞു സിനിമ തന്നെ ആക്കിക്കളയാമെന്ന്. അങ്ങനെ ഭാര്യ സംവിധാനം ചെയ്യുന്ന സിനിമ ഭർത്താവ് നിർമ്മിച്ചു. കാനഡയിലെ സൗണ്ട് എൻജിനീയറാണ് ശ്രീകുമാർ. സിനിമയുടെ മുക്കാലും കാനഡയിൽ ചിത്രീകരിച്ചു. ശേഷം ഭാഗങ്ങൾ കേരളത്തിൽ പൂർത്തിയാക്കി.
പ്രണയത്തിന്റെ മറ്റൊരു വശമാണ് സിനിമ പറയുന്നത്. സൂര്യനാരായണൻ എന്ന നായകൻ സൈറ എന്ന നായികയുമായി പ്രണയത്തിലാകുന്നു. നായിക കാനഡയിൽ പോകുന്നു. കുറച്ചുനാളുകൾ കഴിയുമ്പോൾ സൈറയെ പറ്റി വിവരം ലഭിക്കാതെ വരുമ്പോൾ അവിടെ എത്തി നായകൻ നടത്തുന്ന അന്വേഷണത്തിലൂടെ കഥ മുന്നോട്ടു പോകുന്നു. കാനഡയിലേക്ക് കുടിയേറി പാർത്തവരുടെ യഥാർത്ഥ ജീവിതത്തിലേക്കാണ് പിന്നീട് കാമറ തിരിയുന്നത്.
സൈക്കോളജിക്കൽ ത്രില്ലർ കൂടിയാണ് 'ഒരു കനേഡിയൻ ഡയറി". പുതുമുഖങ്ങൾക്ക് പ്രധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ നായികയാകുന്നത് സീമയുടെ മകൾ സിമ്രനാണ്. ഈ സിനിമ കാനഡയിലും കേരളത്തിലും തീയേറ്ററിൽ റിലീസ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഒ.ടി.പി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. അടുത്ത സിനിമയെ കുറിച്ചും ചർച്ച ആരംഭിച്ചു കഴിഞ്ഞു. സ്ത്രീജീവിതത്തിന്റെ നേർച്ചിത്രമായിരിക്കും സിനിമ.

ഏതു തരം സിനിമകളൊരുക്കുന്നതാണ് ഇഷ്ടം?
കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് ഇഷ്ടം. മനുഷ്യന്റെ വികാര വിചാരങ്ങളോടു പൊരുത്തപ്പെടുന്ന പ്രമേയങ്ങളാണ് മനസിലുള്ളതും. ആദ്യ ചിത്രവും അതു തന്നെയാണ്. ഇതിൽ കുറച്ചു യഥാർത്ഥ സംഭവങ്ങൾ കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ത്രില്ലർ സ്വഭാവമുള്ള സിനിമാണിത്. രണ്ടു വർഷം മുമ്പാണ് സിനിമയുടെ ത്രെഡ് കിട്ടിയത്. സത്യൻ അന്തിക്കാടിന്റെ സിനിമകളാണ് ഞാൻ സിനിമ ആസ്വദിച്ചു തുടങ്ങിയപ്പോൾ കുടുതലായി കണ്ടത്.
കാനഡയിലെ ജീവിതവും സിനിമയും തമ്മിൽ എത്രത്തോളം ബന്ധമുണ്ട്?
കാനഡയിലെ ഇന്ത്യൻ ജീവിതത്തിലൂടാണ് സിനിമ പുരോഗമിക്കുന്നത്. ധാരാളം ഇന്ത്യക്കാർ കാനഡയിൽ കുടിയേറി അവിടത്തെ പൗരന്മാരായി കഴിയുന്നുണ്ട്. നമ്മൾ ഇവിടെ കാണുന്ന ജീവിതമല്ല. അവിടെ. കുട്ടികളെ വളർത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യത്യസ്തമാണ്.നമ്മളുടെ സംസ്കാരവുമായി പൊരുത്തുപ്പെട്ടു പോകുന്നകാര്യം ശ്രമകരമാണ്.