m-sivasankar

തിരുവനന്തപുരം: ഡോളർ കടത്തുകേസിൽ എം.ശിവശങ്കറിനെ വെള്ളിയാഴ്ച വൈകിട്ട് കസ്റ്റഡിയിലടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോകാനുള്ള കസ്റ്റംസിന്റെ രഹസ്യനീക്കം ശിവശങ്കറിന് നേരത്തേ ചോർന്നുകിട്ടിയെന്ന് സൂചന. വൈകിട്ട് ആറിന് ചോദ്യംചെയ്യലിനെത്താനുള്ള നോട്ടീസിനെ അദ്ദേഹം എതിർത്തത് അങ്ങനെയാണ്.

നിരന്തരം കൊച്ചിയിലെത്താൻ തനിക്ക് ശാരീരിക അവശതകൾ ഉണ്ടെന്നാണ് ആദ്യം പറഞ്ഞത്. തുടർന്ന് ചോദ്യംചെയ്യൽ തിരുവനന്തപുരം ഓഫീസിലാക്കി നോട്ടീസ് നൽകി. നോട്ടീസിൽ സ്വർണക്കടത്ത്, ഈന്തപ്പഴം കടത്ത് കേസുകളുടെ ക്രൈം നമ്പരല്ല ഉണ്ടായിരുന്നത്. ഇതോടെ പന്തികേട് മണത്ത ശിവശങ്കർ നിയമോപദേശം തേടി.

വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്ക് നോട്ടീസ് ലഭിച്ചപ്പോൾ ഒന്നും പറയാതിരുന്ന ശിവശങ്കർ അരമണിക്കൂർ കഴിഞ്ഞപ്പോൾ, ശാരീരിക അവശത കാരണം ഹാജരാകാനാവില്ലെന്ന് ഫോണിൽ കസ്റ്റംസിനെ അറിയിച്ചു. തുടർന്നാണ് ഉദ്യോഗസ്ഥർ പൂജപ്പുരയിലെ വീട്ടിലെത്തി നിർബന്ധപൂർവ്വം കസ്റ്റഡിയിലെടുത്ത് കാറിൽ കയറ്റിയത്. വഴിക്കു വച്ച് അവശത പറഞ്ഞതിനാൽ ശിവശങ്കറിനെ ആശുപത്രിയിലാക്കുകയും ചെയ്തു.

വൈദ്യപരിശോധനയിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്നു വ്യക്തമായതോടെ, അഭിഭാഷകന്റെ ഉപദേശപ്രകാരം നെഞ്ചുവേദനയെന്ന് പറയുകയായിരുന്നെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാനുള്ള നീക്കങ്ങൾ കൊച്ചിയിൽ തുടങ്ങിയിട്ടുണ്ട്.

ചോർന്ന വഴിയേത്

കസ്​റ്റംസിന്റെ ഉന്നത ഉദ്യോഗസ്ഥർ മാത്രമറിഞ്ഞായിരുന്നു ഡോളർ കടത്തു കേസിൽ ശിവശങ്കറിന് സമൻസ് തയാറാക്കിയത്. കൊച്ചിയിലെ ഉദ്യോഗസ്ഥരോട് കരുതിയിരിക്കാൻ കസ്റ്റംസ് കമ്മിഷണർ നിർദ്ദേശിക്കുകയും ചെയ്തു. ഓഫീസ് സമയം കഴിഞ്ഞശേഷമായിരുന്നു കസ്റ്റഡിയിലെടുക്കാൻ നീക്കം നടത്തിയതും. എന്നിട്ടും വിവരം ചോർന്നതിൽ കസ്റ്റംസിനും ആശങ്കയുണ്ട്. ഇതേക്കുറിച്ച് അന്വേഷണമാരംഭിച്ചു.