covid

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തി മാർഗനിർദേശങ്ങൾ നൽകാൻ രണ്ടംഗ കേന്ദ്രസംഘം കേരളത്തിലെത്തി. തലസ്ഥാനത്ത് എത്തിയ സംഘം പ്രവർത്തനങ്ങൾ വിലയിരുത്തി. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പ്രാദേശികകേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജെയ്‌നും സഫ്ദർജംഗ് ആശുപത്രി റെസ്‌പറേറ്ററി മെഡിസിനിലെ ഡോ. പ്രൊഫ. കുമാർ ഗുപ്തയുമാണ് സംഘത്തിലുള്ളത്.

ആരോഗ്യവകുപ്പ് ആസ്ഥാനത്തെ കൺട്രോൾ റൂം സന്ദർശിച്ച സംഘം പൊതുസ്ഥിതി വിലയിരുത്തി. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലെ പ്രാഥമിക ചികിത്സാകേന്ദ്രവും മെഡിക്കൽ കോളേജ് ആശുപത്രിലെ കൊവിഡ് വാർഡുകളും സന്ദർശിച്ചു. നാളെ തൃശൂരും മറ്റന്നാൾ എറണാകുളത്തും സംഘം സന്ദർശനം നടത്തിയ ശേഷം മടങ്ങും. രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശം നൽകും. സംസ്ഥാനത്ത പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസംഘം ആരോഗ്യമന്ത്രാലയത്തിന് കൈമാറും.