sivasankar

തിരുവനന്തപുരം: മൂന്നു മുതൽ ഏഴുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ് കസ്റ്റംസ് ആക്ട് പ്രകാരം ഡോളർ കടത്ത്. ചട്ടപ്രകാരം പരമാവധി അയ്യായിരം ഡോളർ മാറ്റിയെടുക്കാനേ സാധിക്കൂവെന്നിരിക്കെയാണ് ശിവശങ്കറിന്റെ സമ്മർദ്ദത്തെതുടർന്ന് 1.90 ലക്ഷം യു.എസ് ഡോളർ സ്വപ്ന മാറിയെടുത്തത്.

കേസിൽ വാറണ്ടില്ലാതെ അറസ്റ്റ് സാദ്ധ്യമാണ്. അറസ്റ്റിന് കസ്റ്റംസ് കമ്മിഷണറുടെ അനുമതി മാത്രം മതി. ചോദ്യം ചെയ്യാനായിരുന്നു നോട്ടീസെങ്കിൽ ശിവശങ്കറിനെ കസ്റ്റംസിന്റെ വാഹനത്തിൽ കയറ്രേണ്ട കാര്യമുണ്ടായിരുന്നില്ല. അതിനാൽ അറസ്റ്റായിരുന്നു ലക്ഷ്യമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തലായിരുന്നു ലക്ഷ്യം.

ജാമ്യം ലഭിച്ചേക്കാമെങ്കിലും കസ്റ്റംസിനു പുറമെ മറ്റ് ഏജൻസികളും അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ശിവശങ്കർ ഭയന്നത്. സ്വർണം, ഈന്തപ്പഴം കള്ളക്കടത്ത്, ലൈഫ് മിഷൻ കോഴ എന്നിവയിലടക്കം അഞ്ച് കേസുകളിൽ അഞ്ച് ഏജൻസികളുടെ അന്വേഷണം നേരിടുകയാണ് ശിവശങ്കർ. നേരത്തേ ഇ.ഡിയുടെ അറസ്റ്റ് ഭയപ്പെട്ട് ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർജാമ്യം തേടിയിരുന്നു. 23വരെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞശേഷമാണ് ചോദ്യംചെയ്യലിനായി ഇ.ഡിക്കുമുന്നിൽ ഹാജരായത്.