തിരുവനന്തപുരം: വെള്ളിക്കുതിരയില്ലാതെയാണ് കുമാരസ്വാമി ആര്യശാല ദേവീക്ഷേത്രത്തിൽ കുടിയിരിക്കാനെത്തിയത്. ആര്യശാല ദേവിയെ ശീവേലിക്ക് എഴുന്നള്ളിക്കുമ്പോഴുള്ള ഗാ‌ർഡ് ഒഫ് ഓണറും ഇത്തവണ ഉണ്ടായില്ല. ഘോഷയാത്ര ആചാരപ്രകാരം മാത്രമാക്കിയപ്പോഴാണ് കുമാരകോവിലിൽ സൂക്ഷിക്കുന്ന വെള്ളിക്കുതിരയെ ഇത്തവണ എഴുന്നള്ളിക്കാതിരുന്നത്. കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനായി ഗാർഡ് ഒഫ് ഓണറും ഒഴിവാക്കുകയായിരുന്നു. ആചാരപ്രകാരം കുമാരസ്വാമിയെ ക്ഷേത്രത്തിനകത്തെ മണ്ഡപത്തിൽ ഇന്നലെ രാവിലെ എട്ടിന് ദേവിയുടെ മുന്നിലായി കുടിയിരുത്തി. നവരാത്രി ദിവസങ്ങളിൽ ആര്യശാല എത്തുന്ന ഭക്തരുടെ പ്രധാന ആകർഷണമായിരുന്നു വെള്ളിക്കുതിര. ആര്യശാല ക്ഷേത്രത്തിൽ മാത്രമാണ് നവരാത്രിയോട് അനുബന്ധിച്ച് ശീവേലിക്ക് ഗാ‌ർഡ് ഒഫ് ഓണർ നൽകിയിരുന്നത്. ദേവിയുടെ തിടമ്പേറ്റി ശാന്തി ചുറ്റമ്പലത്തിനു പുറത്തിറങ്ങുമ്പോൾ സായുധ പൊലീസ് സംഘം ഗാർഡ് ഒഫ് ഓണർ നൽകി അനുഗമിക്കും. എഴുന്നള്ളത്ത് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പൊലീസ് ബാൻഡും ഉണ്ടാകുമായിരുന്നു. പാർവതി ദേവിയെ കാണാനും ഒന്നിച്ചിരിക്കാനുമായി കുമാരകോവിലിൽ നിന്നും മകനായ കുമാരൻ ( മുരുകൻ) നവരാത്രി ആഘോഷം തുടങ്ങുന്നതിനു മുമ്പ് ആര്യശാല ക്ഷേത്രത്തിലെത്തുന്നു എന്ന വിശ്വാസവും ഇതിനുണ്ട്. കുമാരസ്വാമിക്ക് അകമ്പടി സേവിച്ച് എത്തുന്നവരും തിരിച്ചെഴുന്നള്ളുന്നതുവരെ ആര്യശാല ക്ഷേത്രത്തിൽ തങ്ങും. അകമ്പടിക്കാരായ പൊലീസും ക്ഷേത്രത്തിൽ തന്നെയുണ്ടാകും. മകന് കാവൽക്കാരായി എത്തിയവർ അമ്മ പുറത്തിറങ്ങുമ്പോൾ ആചാരപരമായി ബഹുമാനിക്കുന്ന ചടങ്ങാണ് പൊലീസ് ബാൻ‌ഡും ഗാർഡ് ഒഫ് ഓണറുമെന്ന് ക്ഷേത്രം നവരാത്രി ആഘോഷ ട്രസ്റ്റ് സെക്രട്ടറി എസ്.ആർ. രമേശ് പറഞ്ഞു. തലസ്ഥാന നഗരത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ആര്യശാല ദേവീക്ഷേത്രത്തിൽ പണ്ട് ഗാർഡ് ഒഫ് ഓണർ നൽകിയിരുന്നത് തിരുവിതാംകൂറിലെ ഭടന്മാരായിരുന്നു. സംസ്ഥാന രൂപീകരണത്തിനു ശേഷം ഈ പതിവുനിന്നു. 2004ലാണ് ഗാർഡ് ഒഫ് ഓണർ വീണ്ടും നൽകാൻ സർക്കാർ തീരുമാനിച്ചത്.