
തിരുവനന്തപുരം: ജനതാദൾ-എസ് ദേശീയനേതൃത്വത്തോട് ഇടഞ്ഞുനിന്ന മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. നാണു എം.എൽ.എ വഴങ്ങുന്നതിന്റെ സൂചന നൽകി ഇന്നലെ ഭാരവാഹിയോഗത്തിൽ മുഴുവൻ സമയവും പങ്കെടുത്തു. ഓൺലൈൻ വഴിയാണ് പുതിയ സംസ്ഥാന പ്രസിഡന്റ് മാത്യു.ടി. തോമസ്, സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം വിളിച്ചത്. നേരത്തേ നാല് ജില്ലാ പ്രസിഡന്റുമാർ നാണുവിനൊപ്പം നിന്നെങ്കിൽ ഇന്നലെ വയനാട് ജില്ലാ പ്രസിഡന്റ് ഒഴികെ 13 പേരും യോഗത്തിൽ പങ്കെടുത്തതും ഔദ്യോഗിക നേതൃത്വത്തിന്റെ വിജയമായി.
ഇന്നലെ യോഗത്തിന് മുമ്പ് നാണുവുമായി മാത്യു.ടി.തോമസ് ദീർഘമായി ഫോണിൽ സംസാരിച്ചതാണ് മഞ്ഞുരുക്കിയത്. കേന്ദ്രത്തിന്റെ കാർഷിക നയങ്ങൾക്കെതിരെ 19ന് നടത്തുന്ന പ്രതിഷേധത്തിൽ വടകരയിൽ പങ്കെടുക്കാമെന്നും നാണു യോഗത്തിൽ അറിയിച്ചു.
ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് നാണു നിയമിച്ച ഭാരവാഹികളടങ്ങിയ സംസ്ഥാന നേതൃത്വത്തെയാണ് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ പിരിച്ചുവിട്ടത്. നാണുവിന്റെ വിശ്വസ്തരായ ജോർജ്ജ് തോമസ്, ചന്ദ്രകുമാർ, എ.പി. രാജേഷ്, പ്രദീപ് ദിവാകരൻ, മുജീബ് റഹ്‌മാൻ തുടങ്ങിയവർ ഇതോടെ ഭാരവാഹിത്വത്തിൽ നിന്ന് പുറത്തായി. അതിനാൽ ഇന്നലത്തെ യോഗത്തിൽ ഇവർക്ക് പങ്കെടുക്കാനായില്ല. ഇവരെ അവഗണിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
അതേസമയം, കഴിഞ്ഞ ദിവസം യോഗം ചേർന്ന വിമതർ യു.ഡി.എഫിലേക്ക് പോകാൻ ശ്രമിക്കുന്നതായി അറിയുന്നു. കോൺഗ്രസിലെ പ്രമുഖനുമായി രഹസ്യചർച്ച നടത്തിയെന്ന് ഇവരിലൊരാൾക്കെതിരെ പാർട്ടിയിൽ നേരത്തേ ആക്ഷേപമുണ്ട്. വിമതയോഗത്തിലും നാണു പങ്കെടുത്തിരുന്നില്ല. പകരം മാത്യു.ടി.തോമസ് ഓൺലൈനിൽ വിളിച്ച ഭാരവാഹിയോഗത്തിൽ നാണു പങ്കെടുക്കുകയും ചെയ്തു. തന്നെ നീക്കിയ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട നാണു ഉടനെ പിൻവാങ്ങുകയും ചെയ്തിരുന്നു.