
തിരുവനന്തപുരം: ഭരണകൂടം മതേതരമാകണമെന്നാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതെങ്കിൽ, രാജ്യത്തെ മതാധിഷ്ഠിതമാക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഇന്നിന്റെ അനുഭവമെന്ന് സി.പി.എം ജനറൽ
സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സ്വാതന്ത്ര്യസമര ഘട്ടത്തിലേ ഹിന്ദുരാഷ്ട്രത്തിന് ശ്രമിച്ചവർ ഇന്നും അതു തുടരുകയാണെന്നും സി.പി.എം സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു.
പഴയ ഇരുട്ടിലേക്ക് പോകാതിരിക്കാനുള്ള പുതിയ സമരമാണ് ഇന്ത്യയിലിന്നാവശ്യം. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ദിശാബോധം നൽകാനും സ്വാതന്ത്ര്യാനന്തര ഇന്ത്യയെ രൂപപ്പെടുത്താനും ഒട്ടേറെ ഇടപെടൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ അഹമ്മദാബാദ് കൺവെൻഷനിൽ വച്ച് പൂർണ്ണസ്വരാജ് എന്ന മുദ്രാവാക്യം ആദ്യ മുയർത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഗാന്ധി അടക്കം അന്നതിനെ തള്ളിയെങ്കിലും പിന്നീട് അംഗീകരിക്കപ്പെട്ടു.
മുഹമ്മദലി ജിന്ന പറയുന്നതിനും മൂന്ന് വർഷം മുമ്പ് ഇന്ത്യയെ ഹിന്ദു- മുസ്ലിം രാഷ്ട്രങ്ങളായി വിഭജിക്കാൻ ആവശ്യപ്പെട്ടത് സവർക്കറാണ്. ആർ.എസ്.എസിന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലൊരു പങ്കുമില്ല. സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ലാത്തവരുടെ വ്യാജപ്രചാരണമാണ്, കമ്മ്യൂണിസ്റ്റ് പാർട്ടി ക്വിറ്റിന്ത്യാ സമരത്തിന് എതിരായിരുന്നുവെന്നത്. ക്വിറ്റിന്ത്യാ സമരത്തിന്റെ സുവർണ ജൂബിലി വേളയിൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ അന്നത്തെ രാഷ്ട്രപതി ഇതിനുത്തരം നൽകി. ആൻഡമാൻ ജയിലിലെ തടവുകാരിൽ 80 പേരും കമ്മ്യൂണിസ്റ്രുകാരായിരുന്നു.
ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ തകർത്തും ഫെഡറലിസവും സാമൂഹ്യനീതിയും ഇല്ലാതാക്കിയും മതേതരത്വത്തിന്റെ ദൗർബല്യം വർഗീയതയ്ക്ക് ഉപയോഗിക്കുന്നു. ഭരണ, നീതിന്യായ സംവിധാനങ്ങളെയും തിരഞ്ഞെടുപ്പ് കമ്മിഷനെയുമെല്ലാം ഉപകരണമാക്കി മാറ്റുന്നു. ന്യൂനപക്ഷങ്ങളും ദളിതരും ആക്രമിക്കപ്പെടുന്നു. ഒരു മതം മറ്റൊരു മതവിശ്വാസത്തിന് മേൽ കടന്നുകയറുന്നത് ഭരണഘടനയുടെ തകർച്ചയാണ്. ഇരുണ്ട നാളുകളിലേക്ക് വീണ്ടും പോകാതിരിക്കാനുള്ള സമരം തുടങ്ങേണ്ടിയിരിക്കുന്നെന്നും യെച്ചൂരി പറഞ്ഞു.