
വർക്കല: കാഴ്ചകളുടെ വൈവിദ്ധ്യമൊരുക്കി ജലകൃഷി വികസന ഏജൻസിയുടെ വർക്കല അക്വേറിയം അഞ്ചാംവർഷത്തേക്ക്. മത്സ്യ ലോകത്തിന്റെ വൈവിദ്ധ്യമാർന്ന കാഴ്ചകളുമായാണ് വർക്കല തിരുവമ്പാടി ബീച്ചിന് സമീപം അക്വേറിയം സ്ഥിതി ചെയ്യുന്നത്. ശുദ്ധജല - സമുദ്രജല അലങ്കാരമത്സ്യങ്ങളുടെയും കടലിലും ശുദ്ധജലത്തിലും വസിക്കുന്ന അപൂർവ മത്സ്യങ്ങളുടെയും ജീവികളുടെയും കാഴ്ചകൾ ഈ ആധുനിക അക്വേറിയത്തിൽ ആസ്വദിക്കാനാകും.
വിനോദസഞ്ചാരികൾക്കും പഠന ഗവേഷണ വിദ്യാർത്ഥികൾക്കും, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും തീര സൗന്ദര്യത്തിനൊപ്പം മത്സ്യ ലോകത്തിന്റെ പുതിയ കാഴ്ചകൾ അക്വേറിയം സമ്മാനിക്കും.
5 ഏക്കറിലാണ് ഹാച്ചറിയും അനുബന്ധ അക്വേറിയവും പ്രവർത്തിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്കുള്ള പ്രവേശന അനുമതി ഭാഗികമായി നീക്കിയിട്ടുണ്ടെങ്കിലും ടൂറിസം വകുപ്പിന്റെ കീഴിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വർക്കലയിൽ അടുത്തമാസം സന്ദർശകരെ അനുവദിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. നവംബർ മുതൽ ആരംഭിക്കുന്ന സീസണിൽ ഏറെ പ്രതീക്ഷകളോടെ സഞ്ചാരികളെ കാത്തിരിക്കുകയാണ് വർക്കല അക്വേറിയം. അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന അക്വേറിയത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനം.
പ്രവർത്തന സമയം - രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെ
ഫീസ് - മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയും
ഇവിടുത്തെ പ്രവർത്തനങ്ങൾ
മത്സ്യകൃഷി പരിശീലനം, മത്സ്യ പരിപാലനം തുടങ്ങിയവയും ഇവിടെ നടത്തുന്നുണ്ട്
ജലകൃഷി വികസന പദ്ധതിപ്രകാരം ട്രെയിനിംഗ് അവയർനെസ് സെന്റർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കേരള ഫിഷറീസ് സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട ക്ലാസുകളും ട്രെയിനിംഗും നടത്തുന്നുണ്ട്.
അക്വേറിയത്തിനോട് ചേർന്ന് കുട്ടികളുടെ വിശാലമായ പാർക്കും ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ഇവിടെയുണ്ട്. ഓപ്പൺ എയർ ഓഡിറ്റോറിയം സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സെമിനാർ, ചർച്ചക്ലാസ്, പഠന ക്ലാസ് എന്നിവയ്ക്ക് നിശ്ചിത ഫീസ് ഈടാക്കി നൽകാറുണ്ട്.
അനുബന്ധ കെട്ടിടത്തിൽ അലങ്കാര മത്സ്യങ്ങളെ കുറിച്ച് അറിവ് നൽകുന്ന എസി ത്രീഡി തിയേറ്റർ പ്രവർത്തിക്കുന്നുണ്ട്. ആധുനികരീതിയിലുള്ള തിയേറ്റർ കുട്ടികളുടെയും മുതിർന്നവരുടെയും ശ്രദ്ധ ആകർഷിക്കുന്നു.
കാണാൻ
ജെല്ലി, സ്റ്റാർ ഫിഷ്, ലോബ്സ്റ്റർ, ഈൽ, ഫയർ മൗത്ത്, തത്ത മത്സ്യങ്ങൾ, ഓസ്കർ, അനിമോൻ, എയ്ഞ്ചൽസ്,അരോപാമ എന്നിവ മത്സ്യങ്ങൾ. പുതുതായി ബ്യൂട്ടി കാറ്റ് ഫിഷ്, ജൂവൽ ഫിഷ്, ഗ്രീൻ ടെറർ, വൈറ്റ് പാക്കു, നട്ടർ, ഗിഫ്റ്റ് തിലോപ്പിയ എന്നിവയുടെ ശേഖരവും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആമ, കൊഞ്ച്, ഞണ്ട് എന്നിവയുടെ വലിയൊരു ശേഖരവുമുണ്ട്.
അക്വേറിയം ആരംഭിച്ചത്
വർക്കല തിരുവമ്പാടി തീരത്തോട് ചേർന്ന് ചെമ്മീൻ ഹാച്ചറി വളപ്പിൽ 2016ലാണ് അക്വേറിയം ആരംഭിച്ചത്. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ജല കൃഷി വികസന ഏജൻസി(അഡാക്ക്)യാണ് അക്വേറിയം നിർമ്മിച്ചത്. 13500 ചതുരശ്ര അടി വിസ്തൃതിയിൽ 4 നിലകളിലായി സ്പൈറൽ ആകൃതിയിലുള്ള കെട്ടിടം ഏവരെയും ആകർഷിക്കും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ സന്ദർശകർക്കുള്ള പ്രവേശനം താത്കാലികമായി നിറുത്തിവച്ചെങ്കിലും സർക്കാർ തീരുമാനപ്രകാരം അടുത്തമാസം വർക്കല പാപനാശം തുറക്കുന്നതോടെ കൂടുതൽ സന്ദർശകർ അക്വേറിയത്തിൽ എത്തുമെന്നാണ് പ്രതീക്ഷ.
ആർ. രാധ അക്വേറിയം മാനേജർ