gggg

കല്ലറ: കല്ലറ പഞ്ചായത്തിലെ ഏഴു വാർഡുകളിൽ കാർഷിക വിളകൾക്കും മനുഷ്യ ജീവനും ഭീഷണിയായ തരത്തിൽ പെറ്റുപെരുകിയ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ ഡി.എഫ്.ഒയുടെ ഉത്തരവ്. എന്നാൽ കാട്ടുപന്നിശല്യം ഏറ്റവും രൂക്ഷമായ പഞ്ചായത്തിലെ മറ്റു ചില പ്രദേശങ്ങളെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയതായി ആക്ഷേപവുമുണ്ട്. കല്ലറ പഞ്ചായത്തിലെ വെള്ളംകുടി, പാൽക്കുളം, കുറുമ്പയം, കല്ലുവരമ്പു, അരുവിപ്പുറം, മുളയിൽ കോണം, തുമ്പോട് എന്നീ വാർഡുകളിലാണ് കാട്ടുപന്നിയെ വെടിവയ്ക്കാൻ ഉത്തരവിട്ടത്.

എന്നാൽ പതിനേഴു വാർഡുകളുള്ള കല്ലറ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം ഏറ്റവും രൂക്ഷമായ മറ്റു ചില വാർഡുകളെ ഒഴിവാക്കി ജംഗ്ഷനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തിയതിലാണ് നാട്ടുകാർക്ക്‌ അമർഷം. കാട്ടുപന്നിശല്യം കാരണം കല്ലറ പഞ്ചായത്തിലെ തന്നെ ചെറുവാളം, കൊടിതൂക്കിയ കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ ഏക്കർ കണക്കിന് കൃഷിഭൂമികൾ തരിശിട്ടിരിക്കുകയാണ്.

പൊതുവെ കാട്ടുപന്നി ശല്യം കൂടിയ പ്രദേശങ്ങളെ ഒഴിവാക്കി കല്ലറ ജംഗ്ഷനു സമീപമുള്ള തുമ്പോട്, വെള്ളം കുടി പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചിരിക്കുന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്. പഞ്ചായത്ത്‌ തലത്തിൽ ജനജാഗ്രത സമിതി യോഗങ്ങൾ കൂടുകയും ഏറ്റവും പ്രശ്നബാധിത പ്രാദേശങ്ങൾ വനം വകുപ്പിന് നൽകുന്നത് അനുസരിച്ചു വനംവകുപ്പ് വെടിവയ്പ് നിർദേശം നൽകുകയും ചെയ്യുന്നതാണ് പതിവ്രീതി. കൃഷി ഓഫീസർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, സെക്രട്ടറി, പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ ഉൾപ്പെട്ടതാണ് ജന ജാഗ്രതാസമിതി.

കാട്ടുപന്നിയെ കൊല്ലാൻ അനുമതിയുള്ളത് ഇവിടെ

കല്ലറ പഞ്ചായത്തിലെ വെള്ളംകുടി, പാൽക്കുളം, കുറുമ്പയം, കല്ലുവരമ്പു, അരുവിപ്പുറം, മുളയിൽ കോണം, തുമ്പോട് എന്നിവിടങ്ങളിൽ

നിർദ്ദേശങ്ങൾ

മുലയൂട്ടുന്ന കാട്ടുപന്നികളെ പരമാവധി വെടിവയ്ക്കരുത്

വെടിവച്ച ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്ക് വയ്ക്കരുത്

വെടിവയ്ക്കുമ്പോൾ മനുഷ്യ ജീവനോ വിലപ്പെട്ട വസ്തുക്കൾക്കോ നഷ്ടം ഉണ്ടായാൽ ഉത്തരവാദി വെടിവച്ചവർ തന്നെയാകും

ഉത്തരവിന്റെ മറവിൽ വന്യമൃഗ വേട്ട നടത്തരുത്

കാടിനകത്തുവച്ച് വെടിവയ്ക്കാൻ പാടില്ല. വെടിവച്ചാൽ ഉടൻ തന്നെ ബന്ധപ്പെട്ട റേഞ്ച് ഓഫീസറെ വിവരം അറിയിക്കണം.

 മടവൂർ, പള്ളിക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇത്തരത്തിൽ അനുമതി നൽകിയിരുന്നു. പന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഇത്തരത്തിൽ ജനജാഗ്രതാസമിതി കൂടി അനുമതി വാങ്ങാവുന്നതാണ്.

അജിത് കുമാർ, പാലോട് റേഞ്ച് ഓഫീസർ