
കല്ലമ്പലം: നാവായിക്കുളം പി.എച്ച്.സി യെ സി.എച്ച്.സിയായി ഉയർത്തും. അറുപതിനായിരത്തോളം ജനസംഖ്യയുള്ള നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തെ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് വി. ജോയി എം.എൽ.എ അറിയിച്ചു. ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടതായിട്ടുണ്ടെന്നും ആ നടപടികൾ കഴിഞ്ഞാലുടൻ കുടുംബാരോഗ്യ കേന്ദ്രമാക്കാനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 ന് ഇത് സംബന്ധിച്ച് കേരളകൗമുദിയിൽ വന്ന വാർത്തയെത്തുടർന്നാണ് നടപടി. സംസ്ഥാനത്ത് ആർദ്രം പദ്ധതി പല പി.എച്ച്.സികളിലും നടപ്പാക്കിയപ്പോൾ നാവായിക്കുളം ഉൾപ്പെട്ടിരുന്നില്ല. മാസങ്ങൾക്ക് മുൻപ് ഇത് സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ സർക്കാരിനെയും എം.എൽ.എയെയും അറിയിച്ചിട്ടും നടപടിയില്ലാത്തതിനാൽ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇരുന്നൂറിൽ ഏറെ കിടപ്പുരോഗികളുള്ള ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാക്കാനുള്ള നടപടി പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഗുണം ചെയ്യുമെന്ന് പ്രസിഡന്റ് കെ. തമ്പി പറഞ്ഞു.