niyamana-nirodhanam

കാസർകോട്: രണ്ടായിരത്തോളം ഒഴിവുകൾ ഉണ്ടായിട്ടും സംസ്ഥാനത്തെ എൽ.പി സ്കൂൾ അദ്ധ്യാപക നിയമനത്തിൽ പ്രതിസന്ധി. 2018 ഡിസംബറിൽ പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ കാസർകോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ മാത്രം 1122 ഒഴിവുകളുണ്ട്. റിട്ടയർമെന്റ്, സ്ഥലംമാറ്റം ഉൾപ്പെടെ പ്രതീക്ഷിക്കുന്ന 784 ഒഴിവുകളും ചേർത്താൽ 2000 ഒഴിവുകൾ വരും. നിയമനം നടത്തുന്നതിലെ മെല്ലെപ്പോക്കിനെതിരെ ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചിട്ടും ഫലമുണ്ടായില്ല. അതിനിടെ സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിനെയും സമീപിച്ചു. റാങ്ക് ലിസ്റ്റ് വിപുലീകരിച്ചു.

പരമാവധി പേർക്ക് നിയമനം നൽകണമെന്ന് ആഗസ്ത് 24 ന് ട്രിബ്യുണൽ വിധി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ പി.എസ്.സി അപ്പീൽ സമർപ്പിച്ചതോടെയാണ് നിയമനം കുരുക്കിൽ ആയത്. പരമാവധി പേർക്ക് നിയമനം നൽകണമെന്നും അപ്പീൽ പോകരുതെന്നും മന്ത്രിയും എം.എൽ.എമാരും ഉൾപ്പെടെ പലരും പറഞ്ഞു നോക്കിയിട്ടും പി.എസ്.സി ചെവിക്കൊണ്ടില്ലെന്നാണ് പറയുന്നത്.

കാസർകോട് 213, മലപ്പുറം 779, പാലക്കാട് 130 ഒഴിവുകൾ നിലവിലുണ്ടെന്ന് വിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗിക സൈറ്റിൽ വ്യക്തമാണ്. കാസർകോട് 62 സ്‌കൂളുകളിലും എൽ.പി സ്‌കൂൾ ടീച്ചർ ഒഴിവുകൾ വരാനുമുണ്ട്. ഈ ഒഴിവുകൾ തസ്തിക ആയി കണക്കാക്കുമെന്നും നിയമനത്തിന് സാങ്കേതിക തടസം ഇല്ലെന്നും ഡി.ഡി.ഇ ഓഫീസിൽ നിന്ന് നൽകിയ വിവരാവകാശ രേഖയും പറയുന്നു.

പക്ഷെ നിയമനത്തിന് മാത്രം മുകളിൽ നിന്ന് ഓർഡർ ഇല്ലെന്നാണ് വാദം. ഷോർട് ലിസ്റ്റ് വന്നപ്പോൾ തന്നെ കാസർകോട് 300 ഒഴിവുകൾ നിലവിൽ ഉണ്ടായിരുന്നു. ആ കണക്കിന് 1050 പേരുടെ റാങ്ക് ലിസ്റ്റ് ഇടണം. അതിലും അട്ടിമറി നടന്നു. 294 പേരുടെ ലിസ്റ്റ് മാത്രമാണ് പ്രസിദ്ധീകരിച്ചത്. ബാക്കിയുള്ള 500 ഓളം പേരെ സപ്ലിമെന്ററി ലിസ്റ്റിലേക്ക് തള്ളിക്കയറ്റി. ഒഴിവുകൾ ഡി.ഡി.ഇ ഓഫീസിൽ നിന്നും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്ത പ്രശ്‌നവുമുണ്ട്. കൊവിഡ് പ്രശ്‌നം കാരണം സ്‌കൂളുകൾ തുറക്കാത്തത് കാരണമാണ് നിയമനം വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നിയമനം പരമാവധി വൈകിപ്പിക്കാൻ അണിയറയിൽ ചില കളികൾ നടക്കുന്നതായി ഉദ്യോഗാർത്ഥികളും ആരോപിക്കുന്നു.


കേസുകളിൽ കുരുക്കി നിയമനം മനഃപൂർവ്വം വൈകിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പും പി.എസ്.സിയും ശ്രമിക്കുന്നത്

(റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ)