work

തിരുവനന്തപുരം: ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ വർക്ക് അറ്റ് ഹോം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ടെക്കികൾ കടുത്ത മാനസിക സമ്മ‌ർദ്ദത്തിൽ. രാവിലെ മുതൽ അർദ്ധരാത്രി വരെ നീളുന്ന ജോലിയുടെ ഭാരവും ഒരു മുറിക്കുള്ളിൽ ചടഞ്ഞിരിക്കുന്നതിന്റെ മടുപ്പുമാണ് ഇവരെ വലയ്ക്കുന്നത്. പുറംലോകവുമായി കാര്യമായ ബന്ധമില്ലാതെ വിർച്വൽ ലോകത്ത് ഒതുങ്ങേണ്ടിവരുന്നതാണ് പ്രധാന പ്രശ്നം. ജോലി ഭാരവും ഡെഡ്‌ലൈൻ പ്രഷറും കൂടി ആകുമ്പോൾ കൊവിഡ് കാലം ഒന്ന് അവസാനിച്ചാൽ മതിയെന്നായി ഇവർക്ക്.

ഐ.ടി രംഗത്തുള്ളവരുടെ വർക്ക് അറ്റ് ഹോം ജോലി സമ്പ്രദായം ആരംഭിച്ചിട്ട് ആറ് മാസം പിന്നിട്ടു. മാറ്റമില്ലാതെ തുടരുന്ന ദിനചര്യകൾ കാരണം പലരും വിഷാദരോഗത്തിന്റെ പിടിയിലാണ്. ടെക്നോപാർക്കിലും ഇൻഫോപാർക്കിലുമൊക്കെ ടീമായി ജോലി ചെയ്തിരുന്നവർ പെട്ടന്നൊരുദിവസം മുറികളിൽ ഒതുങ്ങിയതിന്റെ മാറ്റവും ജോലിയിലടക്കം പ്രതിസന്ധിയാകുന്നു. വർക്ക് അറ്റ് ഹോം ലഭിച്ചതിന്റെ തുടക്കനാളുകളിൽ എല്ലാവർക്കും ആഹ്ളാദമായിരുന്നു. വീടിനുള്ളിൽ കഴിയാമല്ലോയെന്ന സന്തോഷം രണ്ട് മാസത്തിനുള്ളിൽ മടുപ്പിന് വഴിമാറി.

 ലീവോ... വീട്ടിലിരിക്കുന്നവർക്ക് എന്ത് ലീവ്..

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ ജോലി സമയം, ലീവ് തുടങ്ങിയ കാര്യങ്ങളെല്ലാം ടെക്കികളോട് ബൈ പറഞ്ഞു. മുൻപ് എട്ട് മണിക്കൂർ ജോലി ചെയ്താൽ മതിയായിരുന്നു. ഇപ്പോൾ അർദ്ധരാത്രി കഴിഞ്ഞും ജോലി നീളും. സമയക്രമത്തെപ്പറ്റി ചോദിച്ചാൽ വീട്ടിലല്ലേ സമയമൊക്കെ നോക്കേണ്ടതുണ്ടോ എന്നാകും മറുപടി. നേരത്തെ ശനി, ഞായർ ദിവസങ്ങൾ ഐ.ടി ജീവനക്കാർക്ക് അവധിയായിരുന്നു. ഈ ദിവസങ്ങളിൽ കൂട്ടുകാർക്കും കുടുംബത്തിനുമൊപ്പം ഒഴിവുസമയം ചെലവിട്ട് സമ്മ‌ർദ്ദമകറ്റാൻ ഇവർക്ക് സാധിച്ചിരുന്നു. ഇപ്പോൾ മിക്ക കമ്പനികളും ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റിയിട്ടുണ്ട്. ഞായറാഴ്ച അവധിയാണെങ്കിലും ടാർഗറ്റ് തികയ്ക്കാൻ അന്നും ജോലി ചെയ്യേണ്ട അവസ്ഥയാണ്.


 വില്ലനായി സാമ്പത്തിക പ്രതിസന്ധിയും

കൊവിഡ് ലോകത്താകമാനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ഐ.ടി മേഖലയിലുമുണ്ട്. വിദേശ രാജ്യങ്ങൾ വലിയ പ്രോജക്ടുകൾ ഒഴിവാക്കുന്നതോടെ പല കമ്പനികളിലും പിരിച്ചുവിടൽ ഏറുകയാണ്. തുടക്കകാർക്കാണ് കൂടുതലും ജോലി നഷ്ടപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ മറ്റൊരിടത്ത് ജോലി ലഭിക്കാൻ സാദ്ധ്യത കുറവായതിനാൽ സമ്മർദ്ദം സഹിച്ചും പിടിച്ചുനിൽക്കേണ്ട സ്ഥിതിയാണ്.

 ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ

''ഉറക്കക്കുറവാണ് ടെക്കികൾ നേരിടുന്ന പ്രധാന പ്രശ്നം. ഉറങ്ങുന്ന സമയത്തിൽ വന്ന വ്യത്യാസവും ജോലി ഭാരവും ഉറക്കക്രമം തെറ്റിച്ചു. വിഷാദം, ദേഷ്യം, ശ്രദ്ധക്കുറവ്, ക്ഷീണം, ഓർമക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും വന്നേക്കാം. സൂര്യപ്രകാശമേൽക്കുന്നത് കുറവായതിനാൽ വൈറ്റമിൻ ഡിയുടെ കുറവും കാണാറുണ്ട്.

- ഡോ. അരുൺ ബി.നായർ,

അസി. പ്രൊഫസർ ഒഫ്

സൈക്യാട്രി, മെഡിക്കൽ കോളേജ്

''ടെക്‌നോപാർക്കിലാണ് ജോലി ചെയ്യുന്നത്. ആറു മാസമായി വീട്ടിലുണ്ട്. ഈ വർഷം മുഴുവൻ വർക്ക് അറ്റ് ഹോം തുടരുമെന്നാണ് അറിയുന്നത്. കൃത്യമായ ജോലി സമയമില്ലാത്തത് വലിയ സമ്മർദ്ദമാണ് തരുന്നത്.

- നിതിൻ മാത്യു