puli-

കിളിമാനൂർ: വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുമെന്ന് പ്രഖ്യാപനം വന്നിട്ട് കാലമേറെയായി. സ്മാർട്ട് ഒന്നുമായില്ലെങ്കിലും ചോർന്നൊലിക്കാത്ത ഒരു കെട്ടിടമെങ്കിലും വേണമെന്നാവശ്യമെ പുളിമാത്ത് വില്ലേജ് ഓഫീസിനുള്ളൂ. പുളിമാത്ത് ജംഗ്ഷന് സമീപത്ത് സംസ്ഥാന പാതയോട് ചേർന്ന് കിടക്കുന്ന 34 സെന്റ് വരുന്ന റവന്യൂ ഭൂമിയിൽ 38 വർഷം മുൻപ് നിർമ്മിച്ച കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ മഴ പെയ്താൽ ചോരാത്തതായി ഒരിടവും ഇല്ല.

കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിനായി ഓഫീസിന് മുൻവശം മണ്ണ് നീക്കം ചെയ്തതോടെ, ഓഫീസിലേക്കുള്ള പടവുകൾ ഉയരത്തിലായി. ഇത് ഓഫീസിലേക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പടവുകൾ കെട്ടാൻ നടപടിയുണ്ടായില്ല. ഒടുവിൽ കോൺഗ്രസ് പുളിമാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വില്ലേജ് ഓഫീസിലേക്കുള്ള പടവുകൾ നന്നാക്കിയത്. ഓഫീസ് പുനർനിർമ്മിക്കുമെന്ന പ്രഖ്യാപനം ഒന്നിലേറെ തവണ വന്നു കഴിഞ്ഞു. എന്നാണ് പ്രഖ്യാപനം യാഥാർത്ഥ്യമാവുക എന്നത് സംബന്ധിച്ച് യാതൊരു നിശ്ചയവുമില്ലാത്ത അവസ്ഥയിലാണ്.

പെരുമഴ പെയ്യുമ്പോൾ നെഞ്ചിടിപ്പോടെയാണ് ജീവനക്കാർ ഓഫീസിൽ ഇരിക്കുന്നത്. ചോർന്നൊലിക്കുന്ന കെട്ടിടം ഏത് നിമിഷവും തകർന്നു വീഴാമെന്ന ഭീതിയിലാണ്. ഓഫീസ് പ്രവർത്തനം അടിയന്തരമായ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യത്തിലാണ് നാട്ടുകാരും ജീവനക്കാരും.

പുളിമാത്ത്, കിളിമാനൂർ, മടവൂർ വില്ലേജുകൾ 38 വർഷം മുൻപ് ഒരേ ദിവസമാണ് പുതിയ കെട്ടിടങ്ങളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതെന്നാണ് പൊതുപ്രവർത്തകർ പറയുന്നത്. ഇതിൽ തകർച്ചയിലായ കിളിമാനൂർ വില്ലേജ് ഓഫീസ് അടച്ച് വാടക കെട്ടിടത്തിലേക്ക് പോയിട്ട് ഒന്നര വർഷം കഴിഞ്ഞു. മടവൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിനായി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുകയും പണി തുടങ്ങുകയും ചെയ്തു.

സ്മാർട്ട് വില്ലേജിന് മതിയായ സ്ഥലസൗകര്യമുള്ളതാണ് പുളിമാത്ത് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം. ആധുനിക സൗകര്യങ്ങളൊരുക്കി മാതൃകാ വില്ലേജോഫീസായി കെട്ടിടം നിർമ്മിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.