photo

നെടുമങ്ങാട് : മികവിന്റെ പുതുയുഗം ആവശ്യപ്പെടുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാതെ പട്ടികജാതി വകുപ്പിന് കീഴിലെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നോക്കുകുത്തിയാവുന്നു. വിവര സാങ്കേതിക രംഗത്തെ മാറ്റത്തിനനുസരിച്ച് നവീന ട്രേഡുകളുമായി ജനറൽ ഐ.ടി.ഐകൾ മുന്നേറുമ്പോൾ, പ്ലംബിംഗിലും മരപ്പണിയിലും തളച്ചിട്ടിരിക്കുകയാണ് പട്ടികജാതി ഐ.ടി.ഐകളെ. നെടുമങ്ങാട് പേരുമല ഉൾപ്പടെ എസ്.സി വകുപ്പിനു കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഒമ്പത് ഐ.ടി.ഐകളിൽ ഒരിടത്ത് പോലും കംമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അനുബന്ധ ട്രേഡുകളിൽ പരിശീലനം ലഭിക്കുന്നില്ലെന്നാണ് പരാതി. പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. പ്രധാന ജംഗ്‌ഷനുകളിൽ നിന്ന് മാറി കുന്നിൻ ചെരുവുകളിലും ഗതാഗത യോഗ്യമല്ലാത്ത ഉൾപ്രദേശങ്ങളിലുമാണ് ഈ ഐ.ടി.ഐകൾ സ്ഥിതി ചെയ്യുന്നത്. 1990കൾ വരെ പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചെറുകിട തൊഴിൽ പരിശീലന കേന്ദ്രങ്ങളെ (പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെൻററുകൾ) ഐ.ടി.ഐ എന്ന് പുനർനാമകരണം ചെയ്ത് അപ്ഗ്രേഷൻ നടത്തി എന്നല്ലാതെ ടെക്‌നോളജി പഠിപ്പിക്കാൻ ഉതകുന്ന ട്രേഡുകൾ ആരംഭിക്കാനോ, കെട്ടിട സൗകര്യങ്ങൾ ഉറപ്പാക്കാനോ സാധിച്ചിട്ടില്ല. സ്റ്റൈപ്പന്റും യൂണിഫോമും ഉച്ചഭക്ഷണവും കിട്ടുമെന്നതിനാൽ കുട്ടികൾക്ക് പഞ്ഞമില്ല. കെട്ടിടം കെട്ടാനും റോഡ് വെട്ടാനും സർക്കാർ ഫണ്ട് അനുവദിക്കുമെങ്കിലും സ്ഥലങ്ങളുടെ ദുർഘടാവസ്ഥ മുൻനിറുത്തി കരാറുകാർ കൈയേൽക്കാതെ മുങ്ങുകയാണ് പതിവ്. കോഴ്‌സുകൾ മാത്രമല്ല, രണ്ടര പതിറ്റാണ്ട് മുമ്പത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും നിലവിലുള്ളത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് തൊഴിൽ പഠിക്കണമെങ്കിൽ ഹോസ്റ്റൽ സൗകര്യം പ്രധാനമാണ്. അധികൃതർക്ക് അതേപ്പറ്റിയും ആലോചനയില്ല.

 പേരുമല കയറ്റം കടന്ന് പി.ഡബ്ലിയു.ഡി വരുമോ ?

പേരുമല ഐ.ടി.ഐയിൽ പ്ലംബർക്ക് പുറമെ, വെൽഡർ ട്രേഡ് കൂടി തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓഫീസ് മുറി, കംപ്യൂട്ടർ ലാബ് എന്നിവ നിർമ്മിക്കാൻ 28 ലക്ഷം രൂപ അനുവദിച്ചിട്ട് വർഷങ്ങളായി. മണ്ണ് പരിശോധയ്ക്കും ടോട്ടൽ സ്റ്റേഷൻ സർവേക്കുമായി അഞ്ച് ലക്ഷവും അനുവദിച്ചു. മൂന്ന് വർഷം പിന്നിട്ടിട്ടും ഈ തുക പ്രയോജനപ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട്. സ്കെച്ചും പ്ലാനുമായി പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ പേരുമല കയറ്റം കടന്ന് വരുന്നതും കാത്തിരിപ്പാണ് പഠിതാക്കളും രക്ഷിതാക്കളും. കാഞ്ഞിരംകുളം, മര്യാപുരം, കടകംപള്ളി, അഞ്ചാമട, ആറ്റിപ്ര, വർക്കല, ഇടയ്‌ക്കോട്, ശിങ്കാരത്തോപ്പ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇതര എസ്.സി ഐ.ടി.ഐകളുടെ അവസ്ഥയും വ്യത്യസ്തമല്ല.