cpm

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ ഇടപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നടത്തിയ വാർത്താ സമ്മേളനം സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.

ബി.ജെ.പി നിർദ്ദേശിക്കുന്നതു പോലെയാണ് അന്വേഷണ എജൻസികൾ പ്രവർത്തിക്കുക എന്നാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയ താത്പര്യങ്ങൾക്കായി ബി.ജെ.പി ദുരുപയോഗപ്പെടുത്തുകയാണെന്നുമുള്ള വിമർശനം ശരിവയ്ക്കുന്നതാണിത്. അന്വേഷണ ഘട്ടത്തിൽ മൊഴികൾ പ്രസിദ്ധപ്പെടുത്തുന്നതു പോലും നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തിൽ പ്രതിയുടെ മൊഴിയെ പത്രസമ്മേളനത്തിലൂടെ ആധികാരികമാക്കിയ കേന്ദ്രമന്ത്രിയുടെ നടപടി ശരിയല്ല.

ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു തെളിവും ഹാജരാക്കാൻ എൻ.ഐ.എക്ക് കഴിഞ്ഞില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. എഫ്.സി.ആർ.എ നിയമം ബാധകമല്ലാത്ത കേസിലാണ് ലൈഫ് മിഷനെതിരെ സി.ബി.ഐ അന്വേഷണം നടത്തുന്നതെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ സങ്കുചിത രാഷ്ട്രിയ ലക്ഷ്യം മുൻനിറുത്തി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നത് ഫെഡറൽ തത്വങ്ങൾക്കും ജനാധിപത്യത്തിനും നിയമവ്യവസ്ഥയ്ക്കും നേരെയുള്ള വെല്ലുവിളിയാണ്.