
;തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗം 37ശതമാനം കുറഞ്ഞു.
ജി.എസ്.ടി പരിധിയിൽ വരുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജി.എസ്.ടി വകുപ്പും , ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരളയും നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.കൊവിഡ് കാര്യമായി ബാധിച്ച 2020 മാർച്ച് മുതൽ ആഗസ്ത് വരെയും, 2019ൽ ഇതേ കാലഘട്ടത്തിലെയും നികുതി വരുമാനം തമ്മിലാണ് താരതമ്യം നടത്തിയത്. കഴിഞ്ഞ വർഷം വരുമാനം 10079 കോടിയായിരുന്നെങ്കിൽ ഈ വർഷം അത് 6307 കോടിയായി ഇടിഞ്ഞു. പഴം, പച്ചക്കറി, പാൽ , കാർഷിക ഉപകരണങ്ങൾ തുടങ്ങിയ ചരക്കുകളും പൊതുഗതാഗതം, ഓട്ടോ, മെട്രോ തുടങ്ങിയ സേവനങ്ങളും ജി.എസ്.ടി പരിധിയിൽ വരില്ല.
സംസ്ഥാനത്തെ ജി.എസ് .ടി വരുമാനത്തിന്റെ 82 ശതമാനവും ചരക്കുകളിൽ നിന്നാണ്. സേവന മേഖലയുടെ സംഭാവന 18 ശതമാനമാണ്. ചരക്കുകളെ 16 വിഭാഗങ്ങളായാണ് തിരിച്ചത്. ഇതിൽ കെട്ടിട നിർമ്മാണ ഉപകരണങ്ങൾ, ഇലക്ട്രിക്, ഇലക്ട്രോണിക്ക് ഉല്പന്നങ്ങൾ എന്നിവയിൽ നിന്നാണ് ജി.എസ്. ടി വരുമാനത്തിന്റെ പകുതിയും . പലചരക്കു വസ്തുക്കൾ, കൃഷി, ആഭരണങ്ങൾ, ടെക്സറ്റൈൽസ്, വീട്ടുപകരണങ്ങൾ, ഫുട് വെയർ തുടങ്ങിയവയിൽ നിന്ന് 19 ശതമാനം വരുമാനവും..
സേവന മേഖലയിൽ നിന്നുള്ള ജി.എസ്. ടി വരുമാനത്തിന്റെ മൂന്നിൽ രണ്ടും ധനകാര്യ, കെട്ടിട നിർമ്മാണ, ടെലികോം മേഖലകളി. നിന്നാണ്.താമസം, ഭക്ഷണം, ചരക്കുഗതാഗതം, പാട്ടം, വാടക, വിദ്യാഭ്യാസം, വിനോദം തുടങ്ങിയ സേവന മേഖലകൾ ആകെ.ജി.എസ്. ടി വരുമാനത്തിന്റെ 3 ശതമാനമേ വരൂ.
ഏറ്റവും വരുമാനക്കുറവ് ഓട്ടോമൊബൈൽ, -51%, ടെക്സ്റ്റൈൽസ്-68%, ഫുട് വെയർ-66%, വീട്ടുപകരണങ്ങൾ -53.1% എന്നിവയ്ക്കാണ്. സേവന മേഖലയിൽ നിന്നുള്ള ജി.എസ്. ടി വരുമാനം 2019 മാർച്ച് - ആഗസ്റ്റിലെ 1922 കോടിയിൽ നിന്ന് ,2020ലെ ഇതേ കാലയളവിൽ 1213 കോടിയായി ഇടിഞ്ഞു.
ജി.എസ്. ടി : കേരളത്തിന് നഷ്ടപരിഹാരം 9006 കോടി
തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ആകെ 9006 കോടി രൂപ കിട്ടും. ഇതിൽ 915 കോടി കിട്ടിക്കഴിഞ്ഞു.
2021 ജനുവരി വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണിത്. ഇതിൽ 3239 കോടി കേന്ദ്രത്തിന് ലഭിച്ച സെസിൽ നിന്നും ,5767 കോടി കേന്ദ്രം വായ്പ എടുത്തുമായിരിക്കും. ഇനി 60,000 കോടിയെച്ചൊല്ലിയാണ് തർക്കമുള്ളത്. അത് കൊവിഡ് കാരണമുള്ള നഷ്ടമാണ്. അത് കേന്ദ്രം വായ്പ എടുത്തു നൽകിയാൽ , ആവകയിൽ 3000 കോടിരൂപ കൂടി കിട്ടും. . ഇനി സെസ് വഴി 2324 കോടിയാണ് കേരളത്തിന് കിട്ടാനുള്ളത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തിന് തങ്ങളുടെ അനുവാദം നൽകിയ ശേഷം റിസർവ് ബാങ്ക് വഴി പ്രത്യേക വിൻഡോ തുറന്ന് വായ്പ എടുത്ത പണം വിതരണം ചെയ്യും. വായ്പ വഴി കേരളത്തിന് 5767 കോടി രൂപ കിട്ടും. ഈ തുക ഗഡുക്കളായിട്ടാകും വിതരണം ചെയ്യുക. ഐ.ജി.എസ്.ടി വഴി 834 കോടി കൂടി ഈയാഴ്ച കേന്ദ്രത്തിൽ നിന്ന് കിട്ടും.