
തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതി സ്വപ്‌നയുമായി ചേർന്ന് വിദേശത്തേക്ക് 1.90 ലക്ഷം ഡോളർ (ഉദ്ദേശം 1.40 കോടി രൂപ) കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് കരുനീക്കം വേഗത്തിലാക്കുകയും അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ തന്ത്രങ്ങൾ മുറുക്കുകയും ചെയ്‌തതോടെ ക്ളൈമാക്സ് ആകാംക്ഷാഭരിതം.
കസ്റ്റംസ് അറസ്റ്റ് ചെയ്താൽ എൻ.ഐ.എ, സി.ബി.ഐ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്ര് എന്നീ ഏജൻസികൾക്കും അറസ്റ്റ് ചെയ്യാം. കാരണം ഡോളർ കടത്ത് മറ്റു കേസുകളുമായി ബന്ധപ്പെട്ടതാണ്. ഇതു മനസിലാക്കി തന്ത്രങ്ങൾ മെനയുന്ന ശിവശങ്കർ ഇന്നുതന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. അതിൽ തീരുമാനമായ ശേഷമേ അദ്ദേഹത്തെ മെഡിക്കൽ കോളേജിലെ ഐ.സിയുവിൽ നിന്ന് മാറ്റൂ എന്നാണ് സൂചന. ഡോളർ കടത്തിൽ ശിവശങ്കറിന്റെ പങ്കിന് തെളിവുകൾ കാട്ടി മുൻകൂർ ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർക്കും.
ഏഴുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസിൽ ശക്തമായ തെളിവുമായാണ് കസ്റ്റംസ് അറസ്റ്റിനു കാത്തുനിൽക്കുന്നത്. കസ്റ്റംസ് നിയമപ്രകാരം മൊഴിയെടുത്ത ശേഷമേ അറസ്റ്റ് രേഖപ്പെടുത്താനാവൂ. ശിവശങ്കറിനെ ഐ.സി.യുവിൽ നിന്ന് ഇറക്കിയിട്ടു വേണം മൊഴിയെടുക്കാൻ. ഇ.ഡി അറസ്റ്റ് ചെയ്യുന്നത് 23 വരെ തടയുന്ന ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് ശിവശങ്കർ നേടിയിരുന്നു. ഇനി മുൻകൂർ ജാമ്യത്തിലൂടെ അറസ്റ്റ് ഒഴിവാക്കാനാണ് ശ്രമം.
ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും ശിവശങ്കറിനെ ഐ. സിയുവിൽ കിടത്തുന്നത് കസ്റ്റംസ് നടപടികളിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ഒത്തുകളിയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അറസ്റ്റിൽ നിന്ന് രക്ഷ തേടിയുള്ള നാടകമാണെന്ന് കസ്റ്റംസും പറയുന്നു.
പരിശോധന ആവർത്തിച്ചു, കുഴപ്പമില്ല
ശിവശങ്കർ കിടക്കുന്ന ഓർത്തോ ഐ.സിയുവിൽ ആശുപത്രി സൂപ്രണ്ടിനും രണ്ട് ഡോക്ടർമാർക്കും ഏതാനും നഴ്സുമാർക്കും മാത്രമാണ് പ്രവേശനം. എം.ആർ.ഐ, സി. ടി സ്‌കാനിംഗുകൾ ഇന്നലെയും ആവർത്തിച്ചു. തകരാറൊന്നും കണ്ടെത്തിയില്ല. നടുവേദനയുണ്ടെന്ന് പറഞ്ഞതിനാൽ വേദനസംഹാരികൾ നൽകി.ഇനി ഐ.സി.യുവിൽ കഴിയേണ്ട ആവശ്യമില്ലെന്ന് ഡോക്ടർമാർ അദ്ദേഹത്തെ അറിയിച്ചതായാണ് സൂചന. നടുവേദനയ്‌ക്കു കാരണം നൂറുമണിക്കൂറിലേറെ ചോദ്യം ചെയ്യലിന് വിധേയനായതും തുടർച്ചയായ കൊച്ചി യാത്രകളും മുമ്പ് രണ്ടു തവണ നട്ടെല്ലിൽ കുത്തിവച്ചതുമാണെന്നും വിശ്രമിച്ചാൽ മാറിക്കൊള്ളുമെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. ഇന്ന് മെഡിക്കൽ ബോർഡ് ആരോഗ്യസ്ഥിതി വിലയിരുത്തും.
സാദ്ധ്യതകൾ
ഐ.സി.യുവിൽ തുടരാനാണ് നീക്കമെങ്കിൽ വിദഗ്ദ്ധപരിശോധനയ്‌ക്ക് കസ്റ്റംസ് ശ്രീചിത്രയിലെയോ സൈനിക ആശുപത്രിയിലെയോ ഡോക്ടർമാരുടെ സഹായം തേടിയേക്കും.
ജാമ്യത്തിൽ തീരുമാനമാകും വരെ ശിവശങ്കർ മെഡിക്കൽകോളേജിലെ ഐസിയുവിൽ 'രോഗിയായി' തുടരാം.