rupees

തിരുവനന്തപുരം: സംസ്ഥാനത്ത് 100 കോടി വരെ മുതൽമുടക്കുളള വ്യവസായങ്ങൾക്ക് രേഖകൾ സമർപ്പിച്ചാൽ ഒരാഴ്ചക്കകം അനുമതി നൽകുന്നതിന് നിയമ ഭേദഗതി വരുത്തി സർക്കാർ ഒാർഡിനൻസിറക്കി. നിലവിൽ, 10 കോടി വരെയുള്ള വ്യവസായങ്ങൾക്കായിരുന്നു ഇൗ ആനുകൂല്യം.

അനുമതിക്ക് അഞ്ചു വർഷം പ്രാബല്യമുണ്ടാകും. അനുമതി കിട്ടി ഒരു വർഷത്തിനകം വ്യവസ്ഥകൾ പാലിച്ച് സാക്ഷ്യപത്രം നൽകണം. കെ.സ്വിഫ്റ്റ് വഴി ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ പരിഗണിക്കാനും, നടപടി വേഗത്തിലാക്കാനും നിക്ഷേപം സുഗമമാക്കൽ ബ്യൂറോ എന്ന പേരിൽ സമിതിയും നിലവിൽ വന്നു.മലിനീകരണ നിയന്ത്രണ ബോർഡ് റെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയ വ്യവസായങ്ങൾക്ക് ഇളവ് ബാധകമല്ല. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കാനോ, 2016 ലെ കേരള നഗരഗ്രാമാസൂത്രണ നിയമത്തിൽ നിന്ന് വ്യതിചലിച്ചുള്ള ഭൂവിനിയോഗത്തിനോ അംഗീകാരം ഉപയോഗിക്കരുത്. ചട്ടങ്ങൾ ലംഘിച്ചാലോ, നൽകിയ വിവരങ്ങൾ വ്യാജമെന്ന് തെളിഞ്ഞാലോ അംഗീകാരം റദ്ദാക്കും.നിക്ഷേപം സുഗമമാക്കൽ ബ്യൂറോയിൽ വ്യവസായ സെക്രട്ടറി, വ്യവസായ വാണിജ്യ ഡയറക്ടർ, കെഎസ്‌ഐഡിസി എം.ഡി., കിൻഫ്ര എം.ഡി., കെ.ബിപ് സിഇഒ. എന്നിവരാണ് അംഗങ്ങൾ. വ്യവസായ വകുപ്പിന്റെ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ചുമതലയുള്ള സെക്രട്ടറി ചെയർമാനായിരിക്കും. കെ.എസ്‌ഐഡിസി.എം.ഡിക്കാണ് സിഇഒയുടെയും കൺവീനറുടെയും ചുമതല.