നെടുമങ്ങാട് : പോക്സോ കോടതി ആരംഭിക്കുന്നതിന് നഗരസഭ അനുവദിച്ച നെട്ട കമ്മ്യൂണിറ്റി ഹാളിൽ ജഡ്ജിന്റെ ചേംബർ, ഡയസ്, ഫ്രണ്ട് റൂം, ഓഫീസ്, പൊതുടോയ്‌ലറ്റ് എന്നിവ സജീകരിക്കുന്നതിന്റെ ചെലവ് വഹിക്കാൻ കൗൺസിൽ തീരുമാനിച്ചു. വൈദ്യുതീകരിക്കുന്നതിന്റെ ചെലവും നഗരസഭ വഹിക്കും. ഇതുസംബന്ധിച്ച് കഴിഞ്ഞ 12ന് ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലാണ്‌ തീരുമാനം എടുത്തത്. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനിയർ തയ്യാറാക്കിയ എസ്റ്റിമേറ്റ് ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചതായും എത്രയും പെട്ടന്ന് കോടതിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും ചെയർമാൻ പറഞ്ഞു. പശ്ചാത്തലമൊരുക്കാൻ ഫണ്ടില്ലെന്ന് കോടതി വകുപ്പ് അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് പോക്സോ കോടതി അനിശ്ചിതത്വത്തിലായിരുന്നു. നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കോലിയക്കോട് സി.ഒ. മോഹൻകുമാറിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് ചെയർമാൻ വിഷയത്തിൽ ഇടപെട്ടത്. ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ നെടുമങ്ങാട് പോക്സോ കോടതി അനുവദിച്ചത് സംബന്ധിച്ച് കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജഡ്ജുമാരുടെയും ബാർ അസോസിയേഷൻ ഭാരവാഹികളുടെയും സംഘം ഇന്ന് രാവിലെ നെട്ട കമ്യുണിറ്റി ഹാൾ സന്ദർശിക്കും.