
തിരുവനന്തപുരം: എം. ശിവശങ്കറിനെതിരെ ഡോളർ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ ഹവാലാ ഇടപാടാണെന്ന് ഇ.ഡിക്കും ഡോളർ കടത്തിയത് സ്വർണം വാങ്ങാനാണെന്ന് എൻ.ഐ.എക്കും കസ്റ്റംസിനും നിലപാടെടുക്കാം. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകർക്കാനുള്ള നടപടിയെന്ന് വിലയിരുത്തി എൻ.ഐ.എക്ക് അറസ്റ്റ് ചെയ്യാം.
ചട്ടപ്രകാരം 5,000 ഡോളർ വരെ മാറ്റിയെടുക്കാനേ സാധിക്കൂ. 1.90 ലക്ഷം ഡോളറാണ് സ്വപ്ന മാറിയെടുത്തത്. ഇത് കസ്റ്റംസ്ആക്ട് 113 പ്രകാരം ഗുരുതരകുറ്റമാണിത്. എമിറേറ്റ്സ് റെഡ്ക്രസന്റ് ലൈഫ്പദ്ധതിക്ക് നൽകിയ കോഴയാണ് ഡോളറാക്കി കടത്തിയതെന്ന സംശയത്തിൽ സി.ബി.ഐക്കും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാം.
കോഴപ്പണം പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ടാവാമെന്ന് സി. ബി. ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. കോഴയിടപാടിൽ ശിവശങ്കർ ഉൾപ്പെട്ടെന്ന് കോടതിയെ അറിയിച്ചാൽ, ലൈഫ് മിഷനിലെ അന്വേഷണത്തിനുള്ള ഭാഗിക വിലക്ക് സി.ബി.ഐക്ക് നീക്കിയെടുക്കാം.
പരിധിയിൽ കവിഞ്ഞ പണം ഡോളറാക്കാൻ സ്വപ്ന ഭീഷണിപ്പെടുത്തിയെന്നും പിന്നാലെ ശിവശങ്കർ സമ്മർദ്ദം ചെലുത്തിയെന്നുമാണ് സ്വകാര്യബാങ്ക് മാനേജരുടെ മൊഴി. അനധികൃതമായി ഡോളർ മാറ്റിയെടുത്തതിന് റിസർവ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണവും ശിവശങ്കർ നേരിടേണ്ടിവരും. ഇ.ഡിയുടെ നടപടികളാവും ശിവശങ്കറിനെ ഏറെ കുഴപ്പത്തിലാക്കുക. കള്ളപ്പണ ഇടപാട് സംശയിച്ചാൽ പോലും സ്വത്ത്, വരവ് കണക്കെടുപ്പും റെയ്ഡുകളും ബിനാമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും നടത്താം. ക്രമക്കേടുകൾ കണ്ടെത്തിയാൽ സ്വത്തുക്കൾ കണ്ടുകെട്ടാം. കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിന് ഇ.ഡി കുടുക്കും. സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്ന് സംശയിച്ച് പ്രതിയാക്കിയാൽ തെളിയിക്കേണ്ട ബാദ്ധ്യത കുറ്റാരോപിതനാണ്. ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറുമാസം വരെ ജാമ്യം കിട്ടില്ല. ബിനാമി ആക്ട്, ഇൻകം ടാക്സ് ആക്ട്, ആന്റി മണിലോണ്ടറിംഗ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്താം. വിദേശത്ത് ഹവാലാപണമിടപാട് നടന്നതിനാൽ ഫെമ (ഫോറിൻ മണി മാനേജ്മെന്റ് ആക്ട്) ചുമത്താനിടയുണ്ട്.